| Monday, 29th June 2015, 11:50 am

ഐ.പി.എല്‍ ഒത്തു കളി വിധി പറയുന്നത് ജൂലൈ 25 ലേക്ക് മാറ്റി; ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ വിധി പറയുന്നത് ജൂലൈ 25ലേക്ക്  മാറ്റി വെച്ചു. ദല്‍ഹി പാട്യാല ഹൗസ് പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇനിയും രേഖകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ വിധി പറയുന്നത് നീട്ടി വെച്ചത്. ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണയാണ് ജൂലൈ 25 ന് വിധി പറയുക.

കേസില്‍ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും വിധിയെ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ശ്രീശാന്തിനു പുറമേ ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാന്ദില, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കുട്ടാളി ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെ 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.

കേസ് ചുമത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രത്യേക കോടതി കേസില്‍ വിധി പറയുന്നത്. 2013 ല്‍ മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത് രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

We use cookies to give you the best possible experience. Learn more