വന്നു, എറിഞ്ഞു, വീഴ്ത്തി, 250.... രോഹിത്തിന്റെ 250ല്‍ റബാദക്കും 250
IPL
വന്നു, എറിഞ്ഞു, വീഴ്ത്തി, 250.... രോഹിത്തിന്റെ 250ല്‍ റബാദക്കും 250
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th April 2024, 8:33 pm

ഐ.പി.എല്‍ 2024ലെ 33ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ സ്വന്തം തട്ടകമായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ബൗളിങ് തെരഞ്ഞെടുത്തു. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ 250ാം മത്സരം എന്ന പ്രത്യേകതയും ഈ മുംബൈ – പഞ്ചാബ് ഫേസ് ഓഫിനുണ്ട്.

രോഹിത് ശര്‍മയുടെ കരിയര്‍ മൈല്‍സ്‌റ്റോണ്‍ മാച്ചില്‍ മറ്റൊരു താരം കൂടി തന്റെ കരിയര്‍ തിരുത്തിക്കുറിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം കഗീസോ റബാദയാണ് കരിയറിലെ ഐതിഹാസിക നാഴികക്കല്ല് താണ്ടിയത്.

ടി-20 ഫോര്‍മാറ്റിലെ 250ാം വിക്കറ്റ് എന്ന ചരിത്രനേട്ടമാണ് റബാദ സ്വന്തമാക്കിയത്. മുംബൈ ഓപ്പണര്‍ ഇഷാന്‍ കിഷനെ മടക്കിയതിന് പിന്നാലെയാണ് റബാദ ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെയായിരുന്നു പ്രോട്ടിയാസ് പേസറുടെ വിക്കറ്റ് നേട്ടം. എട്ട് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെ ഇഷാന്‍ കിഷനെ ഹര്‍പ്രീത് ബ്രാറിന്റെ കൈകളിലെത്തിച്ചാണ് റബാദ വിക്കറ്റ് നേടിയത്.

ഐ.പി.എല്ലില്‍ റബാദയുടെ 116ാം വിക്കറ്റ് നേട്ടമാണിത്.

തന്റെ കരിയറിലെ 195ാം ഇന്നിങ്‌സിലാണ് റബാദ 250 ടി-20 വിക്കറ്റ് എന്ന മാജിക്കല്‍ നമ്പറിലെത്തിയത്. സൗത്ത് ആഫ്രിക്കന്‍ ദേശീയ ടീമിലെ പ്രധാന താരമായ റബാദ ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സിനും (ദല്‍ഹി ഡെയര്‍ ഡെവിള്‍സ്) വേണ്ടി പന്തെടുത്തിട്ടുണ്ട്.

ജോസി സ്റ്റാര്‍സ്, കെന്റ്, ലയണ്‍സ്, എം.ഐ കേപ്ടൗണ്‍, സൗത്ത് ആഫ്രിക്കന്‍സ് എന്നീ ടീമുകളെയാണ് ടി-20യില്‍ റബാദ പ്രതിനിധീകരിച്ചിട്ടുള്ളത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 86ന് ഒന്ന് എന്ന നിലയിലാണ്. 32 പന്തില്‍ 49 റണ്‍സുമായി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 29 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

റിലീ റൂസോ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, അര്‍ഷ്ദീപ് സിങ്.

 

Content Highlight: IPL 2024: MI vs PBKS: Kagiso Rabada completes 250 T20 wickets