ഐ.പി.എല്ലിലെ ഒറിജിനല്‍ എല്‍ ക്ലാസിക്കോ; പ്രതാപം തിരിച്ചുപിടിക്കാന്‍ സഞ്ജു പഞ്ചാബിന്റെ മൊഹാലിയിലേക്ക്
IPL
ഐ.പി.എല്ലിലെ ഒറിജിനല്‍ എല്‍ ക്ലാസിക്കോ; പ്രതാപം തിരിച്ചുപിടിക്കാന്‍ സഞ്ജു പഞ്ചാബിന്റെ മൊഹാലിയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 7:04 pm

 

 

ഐ.പി.എല്ലില്‍ തങ്ങളുടെ ആറാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും. മൊഹാലി, മുല്ലന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍.

സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട നിരാശ തീര്‍ക്കാനും പോയിന്റ് പട്ടികയിലെ തങ്ങളുടെ അപ്രമാദിത്യം ഉറപ്പുവരുത്താനുമാണ് രാജസ്ഥാന്‍ പഞ്ചാബിലേക്കിറങ്ങുന്നത്.

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണെങ്കിലും ഈയിടെ ഐ.പി.എല്‍ ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരത്തെയും എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരു ടീമുകളും ആ വിശേഷണത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട്.

ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ സീസണില്‍ രണ്ട് തവണയേറ്റുമുട്ടിയപ്പോള്‍ ഓരോ ജയം വീതമാണ് ഇരു ടീമുകളും നേടിയത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസമിലെ ബര്‍സാപരയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഹോം ടീമിനെ അഞ്ച് റണ്‍സിന് തോല്‍പിച്ചപ്പോള്‍ ധര്‍മശായിലില്‍ നടന്ന വാശിയേറിയ റണ്‍ ചെയ്‌സില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

2022ലെ സ്ഥിതിയും വ്യത്യസ്തമല്ല. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിലാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് ജോണി ബെയര്‍സ്‌റ്റോയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലും ജിതേഷ് ശര്‍മയുടെ വെടിക്കെട്ട് കാമിയോയിലും നിശ്ചിത ഓവറില്‍ 189 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് യശസ്വി ജെയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. ഒടുവില്‍ 20ാം ഓവറിലെ നാലാം പന്തില്‍ പിങ്ക് ആര്‍മി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ സീസണിലേക്ക് വരുമ്പോള്‍ ഇരു ടീമും കടലാസില്‍ തുല്യശക്തരാണ്. എന്നാല്‍ കടലാസിലെ കരുത്ത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് പഞ്ചാബിന് വിനയാകുന്നത്.

ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍, സിക്കന്ദര്‍ റാസ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എന്നിവരടക്കമുള്ള വമ്പന്‍ പേരുകാര്‍ ഒപ്പമുണ്ടായിട്ടും മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നില്ല. മധ്യനിരയിലെ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയുമാണ് ടീമിന് ആശ്വാസമാകുന്നത്.

ബൗളിങ്ങില്‍ ഹര്‍ഷല്‍ പട്ടേലും കഗീസോ റബാദയും അടക്കമുള്ളവര്‍ തങ്ങളുടെ ഭൂതകാല പ്രകടനങ്ങളോട് നീതി പുലര്‍ത്താത്തതും ടീമിന് തിരിച്ചടിയാകുന്നു.

അതേസമയം, എല്ലാ തലത്തിലും എണ്ണയിട്ട യന്ത്രം പോലെയാണ് രാജസ്ഥാന്‍ പ്രവര്‍ത്തിക്കുന്നത്.

യശസ്വി ജെയ്‌സ്വാള്‍ ഫോമിലേക്ക് ഉയരാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും റിയാന്‍ പരാഗ് ഫോമിലേക്കെത്തിയത് ടീമിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഫോമിന്റെ പാരമ്യത്തിലാണ്. ഹെറ്റ്‌മെയറും അശ്വിനും ബാറ്റിങ്ങില്‍ ലഭിച്ച അവസരങ്ങള്‍ മികച്ചതാക്കുന്നുമുണ്ട്.

സ്പിന്നര്‍മാര്‍ റണ്‍സ് വഴങ്ങിയും ഡെത്ത് ഓവറിലെ പിഴവുകളുമാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് വിനയായത്. ഈ പിഴവുകള്‍ തിരുത്തിയാല്‍ മൊഹാലിയിലെ അവസാന ചിരി രാജസ്ഥാന്റേത് തന്നെയായിരിക്കും.

അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. അഞ്ച് മത്സരം കളിച്ച പഞ്ചാബാകട്ടെ രണ്ട് ജയത്തോടെ നാല് പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.

 

Content Highlight: IPL 2024: Match 27: Rajasthan Royals faces Punjab Kings at Mohali