| Saturday, 19th October 2024, 4:47 pm

ബി.ജെ.പി ഖുശ്ബുവിനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; വയനാട്ടില്‍ സൗന്ദര്യ മത്സരമല്ലെന്ന് പി.കെ. ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഉപതെരഞ്ഞെടുപ്പിൽ വയനാട്ടില്‍ അഭിനേത്രി ഖുശ്ബുവിനെ ബി.ജെ.പി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ അധിക്ഷേപ പരാമര്‍ശവുമായി ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍.

വയനാട്ടില്‍ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നുമാണ് പി.കെ. ബഷീര്‍ പറഞ്ഞത്. മണ്ഡലത്തില്‍ ഖുശ്ബു വന്നിട്ടും കാര്യമില്ലെന്നും പി.കെ. ബഷീര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഇലക്ഷന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ലീഗ് എം.എല്‍.എ.

മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഉഷാറായി പ്രവര്‍ത്തിക്കണമെന്നും പ്രിയങ്കയുടെ കന്നിയങ്കം മോശമാകരുതെന്നും എം.എല്‍.എ പറയുകയുണ്ടായി. മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് താനും കെ. സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ ഉത്തരം നല്‍കുമെന്നും പി.കെ. ബഷീര്‍ പറഞ്ഞു.

അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ വിജയിക്കുമെന്നും പി.കെ. ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പണിയെടുക്കണമെന്നും പ്രിയങ്കയുടെ ഭൂരിപക്ഷം ഉറപ്പുവരുത്തണമെന്നും പി.കെ. ബഷീര്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുട്ട് വിറയ്ക്കുമെന്നും അതിന് വേണ്ടിയാണ് നമ്മള്‍ പ്രയത്‌നിക്കേണ്ടതെന്നും പി.കെ. ബഷീര്‍ ചൂണ്ടിക്കാട്ടി.

എ.കെ.ജി മത്സരിച്ച മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന് സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തത് പാര്‍ട്ടിയുടെ ഗതികേടാണെന്നും എം.എല്‍.എ പറഞ്ഞു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി. സരിന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എമ്മിന് നാണക്കേടാണെന്നും പി.കെ. ബഷീര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്നോ ലീഗില്‍ നിന്നോ ആരെങ്കിലും പോകുമ്പോള്‍ അവരെ ഏറ്റെടുക്കാന്‍ നില്‍ക്കുകയാണ് സി.പി.ഐ.എമ്മെന്നും പി.കെ. ബഷീര്‍ പറഞ്ഞു. എട്ട് കൊല്ലം കൂടെ നിര്‍ത്തിയ ആളിപ്പോള്‍ മുഖത്തടിച്ച് ഇറങ്ങിപ്പോയെന്നും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ ഉദ്ധരിച്ച് പി.കെ. ബഷീര്‍ പറയുകയുണ്ടായി.

കെ.ടി. ജലീല്‍ വൈകാതെ തന്നെ ബി.ജെ.പിയിലേക്ക് പോകുമെന്നും പി.കെ. ബഷീര്‍ പറയുകയുണ്ടായി. അബ്ദുള്ള കുട്ടിയുടെ വേറൊരു പകര്‍പ്പാണ് കെ.ടി. ജലീലെന്നും ബഷീര്‍ പറഞ്ഞു.

Content Highlight: PKBashir made abusive remarks on reports that BJP is considering actress Khushbu in Wayanad byelection

We use cookies to give you the best possible experience. Learn more