ലക്‌നൗ: ആമിര്‍ഖാന്‍ ചിത്രമായ “പി.കെ” യുടെ വ്യാജ പതിപ്പ് ഡൗണ്‍ ലോഡ് ചെയ്ത വിവാദത്തില്‍ വിശദീകരണവുമായി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ചിത്രം ഡൗണ്‍ലോഡ് ചെയ്തത് അംഗീകൃത സൈറ്റില്‍ നിന്നാണെന്നാണ് അഖിലേഷിന്റെ ഓഫീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടുവെന്ന വാദങ്ങള്‍ അനാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമപരമായി തന്നെ പുതിയ ചിത്രങ്ങളുടെ സ്വകാര്യ പ്രദര്‍ശനം അനുവദിക്കുന്ന എക്‌സ് മീഡിയ സെര്‍വര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് പ്രകാരം ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്ത ഉടന്‍ തന്നെ എക്‌സ് മീഡിയ അംഗങ്ങള്‍ക്ക് ചിത്രത്തിന്റെ പ്രദര്‍ശനം നടത്താമെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 31 നായിരുന്നു അഖിലേഷ് യാദവിന് നാക്കുപിഴ പറ്റിയിരുന്നത്. ചിത്രം ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്തു കണ്ടു എന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞിരുന്നത്. ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
ചിത്രത്തിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് സാമൂഹിക പ്രവര്‍ത്തകനായ സഞ്ജയ് ശര്‍മ അഖിലേഷിനെതിരെ പരാതിയും നല്‍കിയിരുന്നു. ഇത് കൂടാതെ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി വിമര്‍ശനങ്ങളായിരുന്നു അഖിലേഷിനെതിരെ ഉയര്‍ന്നിരുന്നത്.