| Thursday, 1st January 2015, 10:45 am

ഉത്തര്‍പ്രദേശില്‍ 'പി.കെ' നികുതി വേണ്ടെന്ന് സര്‍ക്കാര്‍: ഹിസാറില്‍ ബജ്രംഗദളിനെതിരെ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ആമിര്‍ ഖാന്‍ ചിത്രം “പി.കെ”യെ വിനോദനികുതിയില്‍ നിന്നും ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. പി.കെയ്‌ക്കെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

” മുഖ്യമന്ത്രി അഖിലേഷ് യാദവ് ഈ ചിത്രം കണ്ടിട്ടുണ്ട്. ഇത്തരം ചിത്രങ്ങളെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.” യു.പിയിലെ മുതിര്‍ന്ന ഉദ്യോസ്ഥന്‍ പറഞ്ഞു.

ചിത്രത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച് ക്രമസമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ഈ ചിത്രം കാണണമെന്നും എന്നിട്ടു തീരുമാനമെടുക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ചിത്രം ഒരു സന്ദേശം നല്‍കുന്നുണ്ട്. തുറന്ന തലച്ചോറോടെയും മനസോടെയും ഈ ചിത്രം കാണണമെന്നും അതിനുവേണ്ടിയാണ് നികുതിയില്‍ നിന്നും ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, “പി.കെ”യെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീക്കൊണ്ട് കളിക്കുകയാണെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പതക് പറഞ്ഞു.

ഹിന്ദു മതവികാരങ്ങള്‍ സംബന്ധിച്ചുള്ള ഈ ചിത്രത്തിലെ ഭാഗങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ കോട്‌വാലിയില്‍ ആമിറിന്റെ കോലം കത്തിച്ചിരുന്നു. ഇതിനു പുറമേ ചിത്രം പ്രദര്‍ശിപ്പിച്ച ബെറിലിയിലെ തിയ്യേറ്ററില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ, ഹിസാറിലെ പ്രാദേശിക കോടതി “പി.കെ”യ്ക്ക് അനുകൂലമായി താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ സണ്‍സിറ്റി സിനിമാസിന്റെ 100 മീറ്റര്‍ പരിധിയ്ക്ക് പുറത്തു നില്‍ക്കണമെന്നാണ് ഉത്തരവ്. ബജ്രംഗദള്‍ “പി.കെ”യ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

തിയേറ്ററുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസ് നടപടിയെടുക്കണമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുധീര്‍ ഘോയല്‍ ജില്ലാ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more