| Monday, 25th October 2021, 9:42 pm

ആര്യ രാജേന്ദ്രനെതിരായ കെ. മുരളിധരന്റെ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തണം: പി.കെ. ശ്രീമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ. മുരളിധരന്റെ അധിക്ഷേപാര്‍ഹമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുന്‍ മന്ത്രി പി.കെ. ശ്രീമതി.

എന്തടിസ്ഥാനത്തിലാണ് ഭരണാധികാരിയായി തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘തന്റേടം, പ്രായത്തില്‍ കവിഞ്ഞ പക്വത, ആര്‍ജ്ജവം, നഗരസഭക്കകത്ത് ഉയര്‍ന്നുവരുന്ന ഏത് പ്രശ്‌നത്തേയും സമചിത്തതയോടെ നേരിടാനുള്ള ഔചിത്യ ബോധം എന്നിവയൊക്കെ ആര്യയുടെ സവിശേഷതയായി എല്ലാവരും നോക്കിക്കണ്ട് അഭിനന്ദിച്ചു.

അത്തരം ഒരുഘട്ടത്തില്‍ ജനപ്രതിനിധിയായി ഉന്നത പദവിയിലിരിക്കുന്നവര്‍ അവരേക്കാള്‍ ഉന്നത സ്ഥാനത്ത് ഭരണാധികാരിയായിരിക്കുന്ന ആര്യയെ ഈ രൂപത്തില്‍ അപമാനിച്ചും അധിക്ഷേപിച്ചും സംസാരിച്ചത് പ്രതിഷേധാര്‍ഹമാണ്.

തെറ്റായ ഒരു വാക്കു പോലും മേയറുടെ നാക്കില്‍ നിന്ന് വന്നിട്ടില്ല. എന്തടിസ്ഥാനത്തിലാണു ഭരണാധികാരിയായി തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ ചെറിയ പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നത്. മുരളിധരന്റെ പരാമര്‍ശം തെറ്റായിപോയി എന്ന് പറഞ്ഞ് പിന്‍ വലിക്കണം,’ പി.കെ. ശ്രീമതി എഴുതി.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ്ആര്യ ഇപ്പോള്‍ ഇരിക്കുന്നതെന്നും മരളീധരന്‍ പറഞ്ഞിരുന്നു.

ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് തങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് വിനയപൂര്‍വം പറയാനുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  PK Sremathi has demanded the withdrawal of Muralidharan’s abusive remarks against Mayor Arya Rajendran

We use cookies to give you the best possible experience. Learn more