| Tuesday, 4th May 2021, 6:24 pm

കുടുംബാംഗങ്ങള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ല; പി.ടി തോമസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പി.കെ ശ്രീമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തൃക്കാക്കര എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. തന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്ന് ശ്രീമതി വ്യക്തമാക്കി.

‘പി.ടി തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമാണ്. തന്റെ ബന്ധുക്കളുടെ പേരില്‍ ഒരു ആരോഗ്യ സ്ഥാപനങ്ങളും ഇല്ല,’ ശ്രീമതി പറഞ്ഞു.

പി.ടി തോമസ് ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞാലും മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്നും ശ്രീമതി പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി.ടി തോമസിന്റെ ആരോപണം.

മെഡിക്കല്‍ ഓക്‌സിജന്റെ വിതരണ കുത്തക സതേണ്‍ എയര്‍ പ്രോഡക്ട്‌സ് എന്ന കമ്പനിക്കു ലഭിച്ചതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള ദാരുണ മരണങ്ങള്‍ കേരളത്തില്‍ ഉണ്ടാകും. മെഡിക്കല്‍ ഓക്‌സിജന്‍ മരുന്നായാണ് കണക്കാക്കുന്നത്. ഇതിന്റെ കുത്തക വിതരണം മുന്‍ മന്ത്രിയുടെ ബന്ധുവിന് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Sreemathi PT Thomas Oxygen Shortage

We use cookies to give you the best possible experience. Learn more