ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ; പി.കെ ശ്രീമതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
national news
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ; പി.കെ ശ്രീമതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th April 2023, 2:49 pm

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായെത്തിയ മഹിളാ അസോസിയേഷന്‍ നേതാക്കളെ ദല്‍ഹി  പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ് ശരണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങള്‍ ജന്തര്‍ മന്തിറില്‍ പ്രതിഷേധിക്കുന്നത്. ബ്രിജ് ഭൂഷണിനെതിരായ രാപ്പകല്‍ സമരം അഞ്ചാം ദിവസവും തുടരുകയാണ്.

സമരത്തെ പിന്തുണച്ച് മാര്‍ച്ച് നടത്തിയതിനാണ് മഹിളാ അസോസിയേഷന്‍ നേതാക്കളായ പി കെ ശ്രീമതി,  സി എസ് സുജാത എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.

താരങ്ങളുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ദല്‍ഹി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര തലത്തില്‍  അഭിമാനം പകര്‍ന്ന പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പി.കെ. ശ്രീമതി പറഞ്ഞു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയാണ് സാക്ഷി മാലിക്കും വിനേഷ് ഭോഗട്ടുമുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് പ്രതിഷേധം പിന്‍വലിച്ചത്.

കേസില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടിയില്‍, കഴിഞ്ഞ ദിവസം പൊലീസിന് ദല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. പരാതിയില്‍ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നോട്ടീസില്‍ നിര്‍ദേശമുള്ളത്. ബ്രിജ് ഭൂഷണിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാവാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights : Pk sreemathi and kk shailaja under police custosy