അതെ, നമ്മടെ പറമ്പില്‍ കിടക്കുന്ന ചിരട്ട തന്നെ; ഇലക്ഷന്‍ അടുത്താല്‍, സോറി ആമസോണില്‍ കേറിയാല്‍ 1500 രൂപ
FB Notification
അതെ, നമ്മടെ പറമ്പില്‍ കിടക്കുന്ന ചിരട്ട തന്നെ; ഇലക്ഷന്‍ അടുത്താല്‍, സോറി ആമസോണില്‍ കേറിയാല്‍ 1500 രൂപ
ശ്രീകാന്ത് പി.കെ
Saturday, 2nd February 2019, 11:06 am

ചിരട്ടയില്ലേ, വെറും ചിരട്ട ആമസോണില്‍ 1500 രൂപക്ക് വില്‍പ്പനക്ക് വച്ചിരിക്കുന്നത് നമ്മള്‍ കണ്ടു ട്രോള്‍ ചെയ്തില്ലേ. കഴുകി വൃത്തിയാക്കി തൊലി ചുരണ്ടിയ ചിരട്ട ഇന്ത്യ പോലൊരു രാജ്യത്ത് ആയിരത്തി അഞ്ഞൂറ് രൂപക്ക് വില്‍ക്കാന്‍ മാത്രമെന്തെങ്കിലും സവിശേഷത ആ ചിരട്ടക്ക് ഉള്ളത് കൊണ്ടല്ല, ആ തുക കൊടുത്തു അത് വാങ്ങാന്‍ ആള്‍ക്കാരുള്ളോരു ഡിമാന്റ് ഇവിടെ സൃഷ്ടിക്കപെട്ടിട്ടുണ്ട്. ഡിമാന്റ് ഉള്ളിടത്ത് സപ്ലൈ ഉണ്ടാകും.
മാര്‍ക്കറ്റിംഗ് വളരെ രസമുള്ളൊരു ശാഖയാണ്. ക്രിയേറ്റിവിറ്റിയാണ് അതിന്റെ മുഖമുദ്രയെങ്കിലും ചില പ്രൊഡക്റ്റുകളുടെ മാര്‍ക്കറ്റിങ് ടൂള്‍സ് കാലങ്ങളെ അതിജീവിച്ചു തുടര്‍ന്ന് പോരാറുണ്ട്.

വലതുപക്ഷത്തിന്റെ ഏറ്റവും വലിയ പിഴയ്പ്പും സമാധാനവും ഈ മാര്‍ക്കറ്റിങ്ങിലാണ്. ഒരു ലോക്കല്‍ പരിപാടിക്ക് അവര്‍ വയ്ക്കുന്ന ഫ്‌ളക്‌സിലെ തിങ്ങി നിറഞ്ഞ മുഖങ്ങള്‍ കണ്ടാല്‍ മനസ്സിലാവും അതിലെത്ര മാത്രം അവര്‍ സ്വയം അഭിരമിക്കുകയും പ്രാധാന്യം കല്പിക്കുകയും ചെയ്യുന്നുണ്ടെന്ന്. ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു പക്ഷേ കഴിഞ്ഞ എണ്‍പതു വര്‍ഷക്കാലമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടര്‍ന്ന് പോരുന്നൊരു മാര്‍ക്കറ്റിങ് ടൂളാണീ ലാളിത്യത്തിന്റെ വില കുറഞ്ഞ ആദര്‍ശവല്‍ക്കരണം. ഗാന്ധിയായിരുന്നു അതിന്റെ ഭൂതകാല മുഖമുദ്ര.

ഗാന്ധിയെ ആ “ഗാന്ധിയാക്കി

” കൊണ്ടു നടക്കാന്‍ കോണ്‍ഗ്രസ് ചിലവഴിച്ചിരുന്നത് ലക്ഷങ്ങളാണ്. ഗാന്ധിയെ ഈ അതി ലാളിത്യത്തിന്റെ മുഖമുദ്രയായി ദാരിദ്രനായി കൊണ്ടു നടക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടികളാണ് ചിലവഴിച്ചിരുന്നത് എന്നു സരോജിനി നായിഡു അവരുടെ ആത്മകഥയില്‍ പറയുന്നുണ്ട്. ഫ്രീഡം അറ്റ്മിഡ് നൈറ്റ് വായിച്ചവര്‍ക്ക് അറിയാം ഈ ലാളിത്യത്തിന്റെ – ദാരിദ്രത്തിന്റെ ആദര്‍ശ വല്‍ക്കരണം മനോഹരമാക്കി മാര്‍ക്കറ്റ് ചെയ്യാന്‍ എന്തുമാത്രം കഷ്ടപാടുകളാണ് കോണ്‍ഗ്രസ് ചെയ്തതെന്ന്.അത് ഇന്ത്യന്‍ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ദൃഷ്ടിയില്‍ ഉണ്ടാക്കിയെടുത്ത പൊതുബോധം ഒട്ടുമേ ചെറുതല്ല.

പശുവിനെ മാതാവായി കരുതിയിരുന്ന ഗാന്ധി ആട്ടിന്‍പാലു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. വട്ടമേശ സമ്മേളനങ്ങള്‍ക്കും മറ്റുമായി ഗാന്ധി ലണ്ടനിലും മറ്റും പോകുമ്പോള്‍ കൂട്ടത്തില്‍ ആടും, ചര്‍ക്കയും അവയുടെ പരിചാരകരുമെല്ലാമായി ഒരു കൂട്ടം ലണ്ടനില്‍ പോയി താമസിക്കുകയും തിരിച്ചു വരികയുമൊക്കെ ചെയ്യും. അതിനു വേണ്ട എല്ലാ ചിലവുകളും വഹിച്ചു കൊണ്ട് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ കോണ്‍ഗ്രസിന് അന്നേ സ്‌പോണ്‍സര്‍മാരുണ്ടായിരുന്നു.

അതേസമയം തന്നെ ചര്‍ച്ചിലിന്റെ “അര്‍ദ്ധ നഗ്നമായ ഫക്കീര്‍” താമസിച്ചിരുന്നത് ബിര്‍ളാ ഹൗസിലായിരുന്നെന്നു ഓര്‍ക്കണം. സുല്‍ത്താന്‍ ആഗാ ഖാന്റെ കൊട്ടാരത്തിലായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും സെക്രട്ടറി മഹാദേവ് ദേശായിക്കുമൊപ്പം തടങ്കലില്‍ കഴിഞ്ഞിരുന്നത്. അഥവാ കോണ്‍ഗ്രസിന്റെ ആ അതി സാധാരണക്കാരനായ ഗാന്ധി ഒരിക്കലും ദാരിദ്ര്യമെന്ന ജീവിതാവസ്ഥ അറിഞ്ഞിട്ടേ ഉണ്ടാകാന്‍ തരമില്ല.

നടന്നു പോകുന്ന പോക്കില്‍ പെട്ടെന്നങ്ങനെയൊരു ദളിത് കര്‍ഷകന്റെ വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്ന രാഹുല്‍ ഗാന്ധിയെ ചാനലുകളിലും പത്രങ്ങളുടെ ഒന്നാം പേയ്ജിലും കാണുമ്പോള്‍ അതിനു പുറകില്‍ കോണ്‍ഗ്രസുകാരും അവരുടെ പിആര്‍ ടീമും നടത്തിയ കഷ്ടപ്പാടുകളും റിഹേഴ്സലുകളും നമ്മള്‍ ഓര്‍ക്കാറില്ല.

ഒരു പ്രസംഗത്തില്‍ സണ്ണി എം. കപ്പിക്കാട് തമാശ രൂപേണ പറയുന്നുണ്ട്, ആ പട്ടിക ജാതിക്കോളനിയിലെ വീട്ടില്‍ രാഹുല്‍ ഗാന്ധി കഴിച്ച ഭക്ഷണം പോലും തയ്യാറാക്കി രണ്ടു പ്രാവശ്യം ടെസ്റ്റ് ചെയ്ത് അവിടെ ഒരുക്കാനുള്ള പണി കോണ്‍ഗ്രസുകാര്‍ ചെയ്തു കാണുമെന്ന്.

കഴിഞ്ഞ പതിനഞ്ച് കൊല്ലമെങ്കിലുമായി ഉമ്മന്‍ചാണ്ടി ട്രെയിനിലെ ലോവര്‍ സ്ലീപ്പര്‍ ബര്‍ത്തിലും മനോരമയിലും കിടക്കുന്നുറങ്ങുന്നുണ്ട്. ആരുമറിയാതെ പെട്ടെന്നൊരു ദിവസം സൈക്കിള്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച കെ.സി വേണു ഗോപാലിന് പക്ഷേ മനോരമ കണ്ണുകളെ വെട്ടിക്കാനായില്ല. അഞ്ചു വര്‍ഷം മുന്നേ ഇതുപോലൊരു ഇലക്ഷന്‍ കാലത്ത് ഓട്ടോയില്‍ കേറിയ ശശി തരൂര്‍ ഇപ്പോള്‍ തട്ടുകടയില്‍ നിന്ന് ചായ കുടിച്ചിരിക്കുന്നു! അതും ഒന്നാം ക്ലാസിലെ കുട്ടിക്ക് പോലും മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയില്‍ എഴുതി നാട്ടുകാരെ അറിയിക്കാനും പഠിച്ചു. ഇനിയും പല മുഖങ്ങള്‍ കല്ലു ചുമക്കും, മൂക്കു പിഴിഞ്ഞു കൊടുക്കും, പ്ലാവിലയില്‍ കോരി കഞ്ഞികുടിക്കും.

നമ്മടെ പറമ്പിലും ചളിയിലും കിടന്നു ദ്രവിക്കുന്ന സദാ ചിരട്ട തന്നെയാണ്. ഇലക്ഷന്‍ അടുത്താല്‍ സോറി ആമസോണില്‍ കേറിയാല്‍ 1500 രൂപയാകുമെന്നേ ഉള്ളൂ. ആശ്ചര്യം കൊണ്ട് വാങ്ങി ഷോ കെയ്‌സില്‍ വെക്കാന്‍ മാത്രം ബോധവുമുള്ളോരു ജനത ഇവിടെ ഇപ്പോഴും ബാക്കിയുണ്ടേ.