പരാതി പാര്‍ട്ടി കൈകാര്യം ചെയ്യും; ചോദിച്ചു ചോദിച്ചു എന്നെ വെട്ടിലാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലൊന്നും ശശി വീഴില്ല
Kerala News
പരാതി പാര്‍ട്ടി കൈകാര്യം ചെയ്യും; ചോദിച്ചു ചോദിച്ചു എന്നെ വെട്ടിലാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലൊന്നും ശശി വീഴില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2018, 10:53 am

പാലക്കാട്: എം.എല്‍.എക്കെതിരായുള്ള യുവതിയുടെ പരാതിയില്‍ വീണ്ടും പ്രതികരണവുമായി പി.കെ ശശി. പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ശശി പാലക്കാട്ട് പറഞ്ഞു. പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്കകത്തുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്തേ പറയൂ എന്ന് ശശി മറുപടി പറഞ്ഞു.

“പാര്‍ട്ടിയെ സംബന്ധിച്ച് വലിയവനായാലും ചെറിയവനായാലും ആരെക്കുറിച്ചും പരാതി ലഭിച്ചാല്‍ അത് കൈകാര്യം ചെയ്യാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. ഞാന്‍ ഇവിടുത്തെ എം.എല്‍.എയാണ്. എന്റെ ചെറുതല്ലാത്ത പൊതുജീവിതം എല്ലാവര്‍ക്കു അറിയാം.

Read:  പി.കെ ശശിയെ സംരക്ഷിക്കില്ല: യുവതി പൊലീസിന് പരാതി നല്‍കട്ടെ; പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്ര പിള്ള

പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പരാതി എനിക്കെതിരെ ആണെങ്കില്‍ അത് നേരിടാനുള്ള നല്ല കമ്മ്യൂണിസ്റ്റ് ആര്‍ജവവും ആരോഗ്യവും എനിക്കുണ്ട്. നല്ല പൊതു പ്രവര്‍ത്തകന്‍ ആണെന്ന് ഞാന്‍ കാണിച്ചു തന്നിട്ടുണ്ട്.

എനിക്ക് ആരോടും പ്രതിഷേധമില്ല. എന്നെ അറിയാവുന്ന ആളുകള്‍ക്ക് എന്റെ പൊതുജീവിതം നന്നായിട്ട് അറിയാം. യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പേര് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല. ഞാന്‍ തെറ്റായ രീതിയില്‍ സഞ്ചരിച്ചിട്ടില്ല.


Read:  #ArrestMeTo; റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ തടവില്‍ പ്രതിഷേധം ശക്തമാകുന്നു


എന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് ആരോഗ്യത്തോടെ നേരിടും”. ശശിക്കെതിരെ അച്ചടക്കനടപടി ഉണ്ടാകുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് അച്ചടക്ക നടപടിയെ കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടേണ്ട എന്ന് മറുപടി കൊടുത്തു.

“നിങ്ങളുടെ കയ്യില്‍ യുവതിയുടെ പരാതിയുണ്ടോ, പരാതിയുണ്ടെങ്കില്‍ മാത്രം എന്നോട് സംസാരിച്ചാല്‍ മതി. പാര്‍ട്ടിയില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയില്ല. ചോദിച്ചു ചോദിച്ചു എന്നെ വെട്ടിലാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലൊന്നും ശശി വീഴില്ല”. എന്നും അദ്ദേഹം പറഞ്ഞു.