| Monday, 26th November 2018, 3:14 pm

ശശിക്കെതിരെ ഇത്രയും കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന സമിതിയില്‍ പാലക്കാട് ജില്ലാ സെക്രട്ടറി; നടപടിയെ ഭൂരിപക്ഷം പേരും അംഗീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ നടപടിയെ സംസ്ഥാന സമിതിയില്‍ എതിര്‍ത്ത് പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍. പി.കെ ശശിക്കെതിരെ ഇത്രയും കടുത്ത നടപടി വേണ്ടെന്നായിരുന്നു സംസ്ഥാന സമിതിയില്‍ സി.കെ രാജേന്ദ്രന്‍ പറഞ്ഞത്.

അതേസമയം പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശത്തോട് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും യോജിച്ചു.

അതേസമയം പാലക്കാട്ട് തുടരുന്ന വിഭാഗീയത പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഘടകത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

ശശിക്കെതിരായ പരാതിയില്‍ വിഭാഗീയത ഉണ്ടെന്ന പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ തെറ്റായ പ്രചരണം ഉണ്ടാകുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്ന നടപടിയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.


പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നു: പി.കെ ശശി


കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ പറഞ്ഞത്. അതേസമയം ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നാണ് പാര്‍ട്ടി കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.

യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എം.പിയുമായിരുന്നു കമ്മിഷനിലെ അംഗങ്ങള്‍. അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം കൂടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

We use cookies to give you the best possible experience. Learn more