തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവരേയും ട്രോളന്മാരേയും നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് എം.എല്‍.എ പി.കെ. ശശി. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു ശശി ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും ട്രോളന്മാരുടേയും ആക്രമണത്തിന് വിധേയരാവാത്ത എത്രപേര് നിയമസഭയിലുണ്ടാകുമെന്നും ശശി ചോദിച്ചു. അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരേയും നടപടി വേണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എയും ആവശ്യപ്പെട്ടു.
ഫോണ്‍ സംഭാഷണത്തിനിടയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇക്കാര്യത്തില്‍ താനൊരു ഇരയാണെന്നുകൂടി പി.സി. ജോര്‍ജ് പറഞ്ഞതോടെ സഭ ചിരിയില്‍ മുങ്ങി. പി.സി ജോര്‍ജിന്റെ ആവശ്യംകേട്ട മുഖ്യമന്ത്രിക്കും ചിരി അടക്കാനായില്ല.
‘സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ത് വൃത്തികേടും പറയുന്ന അവസ്ഥയാണ്. ഇവരുടെ ആക്രമണത്തിന് വിധേയരാവാത്ത എത്രപേര്‍ നിയമസഭയിലുണ്ടാകും. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ആറോ ഏഴോ പേരുണ്ടാകും. ചില ട്രോളന്മാരുണ്ട്. വല്ലാത്ത രൂപത്തിലാണ് ഇവന്മാരുടെ ആക്രമണം. ആളെ തിരിച്ചറിയാന്‍ കഴിയാത്ത നമ്പറില്‍നിന്ന് ഫോണ്‍കോളുകളും സന്ദേശങ്ങളും വരികയാണ്. പലരും ആത്മഹത്യയുടെ വക്കിലാണെന്നും ശശി പറഞ്ഞു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറാകുമോയെന്നും പി.കെ. ശശി മുഖ്യമന്ത്രിനോട് ചോദിച്ചു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന വലിയൊരു പ്രശ്‌നമാണ് അംഗം ചൂണ്ടിക്കാട്ടിയതെന്നും എന്നാല്‍, ഇക്കാര്യത്തില്‍ കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
‘പല വിഷയങ്ങളിലും ആരോഗ്യകരമായ നിലപാടുകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ സ്വീകരിച്ചത്. ചില നെഗറ്റിവ് ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുമാത്രം സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. നിയമനിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. സമൂഹത്തിന്റെ പൊതുബോധമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ട’തെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് ആറുമാസം സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും പാലക്കാട് സിറ്റിങ് എം.പിയായിരുന്ന എം.ബി രാജേഷിന്റെ പരാജയവും ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനമാണ് ഷൊര്‍ണൂര്‍ എം.എല്‍.എക്ക് നേരെ സാമൂഹ്യ മധ്യമങ്ങളില്‍ ഉണ്ടായത്.