തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നട അടച്ചിട്ടതിലൂടെ ഹിന്ദു പൗരോഹിത്യം ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ഐക്യ മല അരയ സംഘടനയുടെ ജനറല്‍ സെക്രട്ടറി പി.കെ സജീവ്. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നുള്ളത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. ആ വിധി കോടതി ഇതുവരെ സ്‌റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നട അടച്ച തന്ത്രിയുടെ നടപടി നിലവിലെ കോടതി വിധിയ്‌ക്കെതിരായ വെല്ലുവിളിയാണ്.
ഒരു സാധാരണക്കാരനാണ് ഇത് ചെയ്തതെങ്കില്‍ അയാള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമായിരുന്നു. തന്ത്രിയും മന്ത്രിയുമൊക്കെ കോടതിക്കു മുന്നിലും ഭരണഘടനയ്ക്കു മുന്നിലും തുല്യരായിട്ടുള്ള ആളുകളാണ്. ആ തുല്യതയാണ് ഇവിടെ നിഷേധിക്കുന്നത്. തന്ത്രിയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പൗരോഹിത്യം ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനയ്‌ക്കെതിരെ പൗരോഹിത്യം വെല്ലുവിളി ഉയര്‍ത്തുമെന്ന് ബാബാ സാഹിബ് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്.
പൗരോഹിത്യമാണ് ഇവിടെ ജയിക്കുന്നതെങ്കില്‍ ഭരണഘടന ഇവിടെ പരാജയപ്പെടുകയാണ്. സുപ്രീം കോടതി ഇവിടെ പരാജയപ്പെടുകയാണ്. പൗരോഹിത്യത്തിന്റെ പ്രത്യയശാസ്ത്രം മനുസ്മൃതിയാണ്. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലയെന്നാണ് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നത്. അതുതന്നെയാണ് ഇവിടെ നടക്കുന്നത്. അതിന് ഇവിടുത്തെ ഭരണകൂടം അനുവദിക്കാന്‍ പാടില്ലെന്നും പി.കെ സജീവ് പറഞ്ഞു.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് അയിത്താചരണത്തിന്റെ തുടര്‍ച്ചയാണ്. സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് പറയുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല. സ്ത്രീകള്‍ അശുദ്ധരല്ല, വിശുദ്ധരാണ് എന്നുള്ള നിലയിലാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങളുടെ സമൂഹത്തിന് അങ്ങനെയേ കാണാന്‍ പറ്റൂവെന്നും സജീവ് പറഞ്ഞു.
തന്ത്രിമാര്‍ താക്കോലുകൊണ്ട് ദേവസ്വം ബോര്‍ഡിനോ മറ്റോ കൊടുക്കുകയല്ല വേണ്ടത്. അവിടുത്തെ യഥാര്‍ത്ഥ അവകാശികള്‍ മലയരയ സമുദായമാണ്. അവര്‍ക്കാണ് താക്കോല്‍ നല്‍കേണ്ടത്. തന്ത്രി നട അടച്ചാല്‍ അവിടെ പൂജ ചെയ്യാന്‍ മലയരയ സമുദായം തയ്യാറാണെന്നും സജീവ് പറഞ്ഞു.