പത്തനംതിട്ട: ശബരിമല ചെമ്പോല വിവാദത്തിനിടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഐക്യ മലഅരയ മഹാസഭ.
ആരൊക്കെ എന്തൊക്കെ വിവാദങ്ങള്‍ ഉയര്‍ത്തിയാലും ശബരിമല ഉള്‍പ്പെടുന്ന 18 മലകളും പൂര്‍ണമായും ദ്രാവിഡ സംസ്‌കാരത്തിന്റെ ജീവിക്കുന്ന തെളിവുകളാണെന്ന് ഐക്യ മലഅരയ മഹാസഭാ നേതാവ് പി.കെ. സജീവ് പറഞ്ഞു.
‘ചെമ്പോലയുടെ പേരില്‍ വന്‍ വിവാദങ്ങള്‍ ഉയരുമ്പോഴും ചെമ്പോലയില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ ശബരിമലയുടെ യഥാര്‍ത്ഥ ചരിത്രവുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല,’ അദ്ദേഹം പറഞ്ഞു.
ശബരിമല മലഅരയരില്‍ നിന്ന് പിടിച്ചെടുത്ത് രാജാവിന്റെ ഉടമസ്ഥതയിലും പിന്നീട് സര്‍ക്കാരിന് കീഴിലുമാകുകയായിരുന്നെന്ന് സജീവ് പറഞ്ഞു.
‘അമേരിക്കയിലെ ലക്കോട്ടഹോളി ഹില്‍സിനുവേണ്ടി അവിടുത്തെ തദ്ദേശീയ ജനത അവകാശം ഉന്നയിക്കുന്നതു പോലെയാണ് കേരളത്തില്‍ 18 മലകളുടെയും അവകാശം സമുദായം ഉയര്‍ത്തുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പമ്പ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങള്‍ ഭരിച്ചിരുന്നത് ആയ് രാജവംശത്തില്‍പ്പെട്ടവരാണ്. ചിറ്റരചരുടെ ഗോത്രത്തില്‍ നിന്ന് രൂപപ്പെട്ട ആയ് രാജവംശത്തിലെ പിന്മുറക്കാരാണ് ഇന്നത്തെ മല അരയര്‍ എന്നത് ചരിത്ര യാഥാര്‍ത്ഥ്യം ആണ്.
ശബരിമല മലഅരയരില്‍ നിന്ന് പിടിച്ചെടുത്ത് രാജാവിന്റെ ഉടമസ്ഥതയിലും, പിന്നീട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലും ആക്കപ്പെടുകയായിരുന്നു. ശബരിമല അമ്പലം മാത്രമല്ല നിലക്കല്‍, പശ്ചിമ ,വള്ളിയങ്കാവ് ,തുടങ്ങിയ അമ്പലങ്ങളും മലഅരയരുടെതായിരുന്നു ഇന്ന് വനാന്തരങ്ങളില്‍ ഉള്ള എണ്ണക്കാവള്ളി ,കരിമല ,പൊന്നമ്പലമേട് തുടങ്ങിയ അമ്പലങ്ങളും മറ്റാരുടെതുമായിരുന്നില്ല.
ഒരുകാലത്ത് ജനവാസകേന്ദ്രങ്ങള്‍ ആയിരുന്ന പ്രദേശങ്ങള്‍ വനനിയമത്തിനകത്ത് ഉള്‍പ്പെടുത്തി പ്രവേശം നിഷേധിക്കുകയായിരുന്നു. ഈ അമ്പലങ്ങളില്‍ ആരാധന നടത്തുവാനോ അവ സംരക്ഷിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ചരിത്ര സത്യങ്ങളെ മൂടിവെക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായിട്ടാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള ശബരിമലയാത്ര പോലും നിരോധിക്കപ്പെട്ടത് എന്ന വസ്തുത വിസ്മരിക്കാനാവില്ല.
സമുദായത്തിന്റെ പൈതൃകങ്ങള്‍ ഉറങ്ങുന്ന 18 മലകളും സമുദായത്തെ സംബന്ധിച്ചിടത്തോളം പുണ്യ മലകളാണ്. അമേരിക്കയിലെ ലക്കോട്ടഹോളി ഹില്‍സിനുവേണ്ടി അവിടുത്തെ തദ്ദേശീയ ജനത അവകാശം ഉന്നയിക്കുന്നതു പോലെയാണ് കേരളത്തില്‍ 18 മലകളുടെയും അവകാശം സമുദായം ഉയര്‍ത്തുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
നൂറ്റാണ്ടുകളായി ഈ ആവശ്യങ്ങള്‍ സമുദായം നിരന്തരമായി, രാജഭരണകാലത്തും ജനാധിപത്യഭരണം വന്നപ്പോഴും ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. അവകാശം ലഭ്യമാകും വരെ അത് തുടര്‍ന്നുകൊണ്ടിരിക്കും’. അത് ബഹുജനങ്ങളും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആര്‍ജ്ജവത്തോടെ സര്‍ക്കാര്‍ കൂടി അത് അംഗീകരിക്കാന്‍ തയ്യാറാകണം.