വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നതിന് മുമ്പും ഇന്ത്യക്കാരിവിടെയുണ്ടായിരുന്നു; 51 സ്ത്രീകള്‍ക്കും മുമ്പും ശബരിമലയില്‍ യുവതിപ്രവേശനമുണ്ടായിരുന്നെന്ന് പി.കെ സജീവ്
Sabarimala women entry
വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നതിന് മുമ്പും ഇന്ത്യക്കാരിവിടെയുണ്ടായിരുന്നു; 51 സ്ത്രീകള്‍ക്കും മുമ്പും ശബരിമലയില്‍ യുവതിപ്രവേശനമുണ്ടായിരുന്നെന്ന് പി.കെ സജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th January 2019, 5:48 pm

കോഴിക്കോട്: ശബരിമലയില്‍ മുമ്പും സ്ത്രീകള്‍ പ്രവേശിച്ചിരുന്നെന്നും ശബരിമലയടക്കമുള്ള 18 മലകളിലും നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിച്ചിരുന്നെന്നും ഐക്യ മല അരയ മഹാസഭാ നേതാവ് പി.കെ സജീവ്. ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ശബരിമല അമ്പലത്തില്‍ 51 യുവതികള്‍ പ്രവേശിച്ചെന്നും ഇല്ലെന്നും, വാദങ്ങളും വാഗ്വാദങ്ങളും പൊടിപടലങ്ങളുയര്‍ത്തി മല കയറുന്നു. പുരുഷന്മാര്‍ പട്ടികയില്‍ യുവതികളായെന്നും ചര്‍ച്ച. ഇന്ത്യ കണ്ടു പിടിച്ചത് വാസ്‌കോഡ ഗാമ, അമേരിക്ക കണ്ടെത്തിയത് കൊളംബസ്, ആഫ്രിക്കയിലാദ്യമെത്തിയത് യൂറോപ്യന്‍സ്. ഡിസ്‌കവറിയുടെ ചരിത്രം അങ്ങനെ, എന്നാല്‍ വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നതിനു മുമ്പ് ഇന്ത്യക്കാരും കൊളംബസ് അമേരിക്കയിലെത്തും മുമ്പ് റെഡ് ഇന്ത്യന്‍സും, യൂറോപ്പിയന്‍സ് ആഫ്രിക്കയിലെത്തും മുമ്പ് നീഗ്രോകളും അവിടുണ്ടായിരുന്നു. ഈ രാജ്യങ്ങള്‍ തമ്മില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ ബന്ധങ്ങളുണ്ടായിരുന്നു എന്ന് മറ്റൊരു ചരിത്രം.”

ALSO READ: യുവതികളുമായി ശബരിമലയിലേക്ക് പോകുന്നെന്നാരോപിച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞു; ഇരുപതോളം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

51 യുവതികള്‍ മലയിലെത്തും മുമ്പേ അവിടെ നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിച്ചിരുന്നു. 18 മലകളിലും സ്ത്രീകളും കുട്ടികളുമടക്കം നിത്യേന അമ്പലത്തിലെത്തി അവര്‍ അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിച്ചു. അവരുടെ ലിസ്റ്റ് നല്‍കിയാല്‍ ചരിത്രം വഴിമാറും- സജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ചരിത്രപണ്ഡിതന്‍മാരും ആര്‍ക്കിയോളജിക്കല്‍ മേധാവിമാരുമാണ് ഇനി ശബരിമലയിലെത്തേണ്ടതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശബരിമല അമ്പലത്തില്‍ 51 യുവതികള്‍ പ്രവേശിച്ചെന്നും ഇല്ലെന്നും, വാദങ്ങളും വാഗ്വാദങ്ങളും പൊടിപടലങ്ങളുയര്‍ത്തി മല കയറുന്നു.പുരുഷന്മാര്‍ പട്ടികയില്‍ യുവതികളായെന്നും ചര്‍ച്ച .ഇന്ത്യ കണ്ടു പിടിച്ചത് വാസ്‌കോഡ ഗാമ, അമേരിക്ക കണ്ടെത്തിയത് കൊളംബസ്, ആഫ്രിക്കയിലാദ്യമെത്തിയത് യൂറോപ്യന്‍സ്.ഡിസ്‌കവറിയുടെ ചരിത്രം അങ്ങനെ, എന്നാല്‍ വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നതിനു മുമ്പ് ഇന്ത്യക്കാരും കൊളംബസ് അമേരിക്കയിലെത്തും മുമ്പ് റെഡ് ഇന്ത്യന്‍സും, യൂറോപ്പിയന്‍സ് ആഫ്രിക്കയിലെത്തും മുമ്പ് നീഗ്രോകളും അവിടുണ്ടായിരുന്നു. ഈ രാജ്യങ്ങള്‍ തമ്മില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ ബന്ധങ്ങളുണ്ടായിരുന്നു എന്ന് മറ്റൊരു ചരിത്രം .കണ്ടത്തലിന്റെ പ്രത്യയശാസ്ത്രം കൊളോണിയലിസം ആവാം.
5 ഹ യുവതികള്‍ മലയിലെത്തും മുമ്പേ അവിടെ നൂറുകണക്കിനു കുടുംബങ്ങള്‍ അധിവസിച്ചിരുന്നു.18 മലകളിലും ,സ്ത്രീകളും കുട്ടികളുമടക്കം .നിത്യേന അമ്പലത്തിലെത്തി അവര്‍ അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിച്ചു.അവരുടെ ലിസ്റ്റ് നല്‍കിയാല്‍ ചരിത്രം വഴി മാറും.
ഇനി മലയിലേക്കെത്തേണ്ടത് മറ്റാരുമല്ല, ആര്‍ക്കിയോളജിയിലെ മേധാവികളും ചരിത്രപണ്ഡിതന്മാരുമാണ്. സര്‍ക്കാര്‍ അവരെ കടത്തിവിടൂ, പൗരാണിക നാഗരികത ലോകം അറിയട്ടെ..
ലോകം ആപത്തിലേക്കു നീങ്ങുമ്പോള്‍ ചരിത്രം ഉയര്‍ത്തിപ്പിടിക്കുക എന്നു കേട്ടിട്ടില്ലേ,