| Wednesday, 31st December 2014, 11:15 am

ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെങ്കില്‍ 'പി.കെ'യ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: “പി.കെ”യുടെ ഉള്ളടക്കം പരിശോധിച്ച് അത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നു കാണുകയാണെങ്കില്‍ നടപടിയെടുക്കുമെന്ന് മഹരാഷ്ട്ര സര്‍ക്കാര്‍. ആമിര്‍ ഖാന്‍ നായകനായ “പി.കെ” നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഈ നീക്കം.

ചിത്രം കണ്ട് ആരോപണം ശരിയാണോയെന്നു പരിശോധിക്കണമെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ ദേവന്‍ ഭാരതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ര ആഭ്യന്തര മന്ത്രി റാം ഷിന്റേ അറിയിച്ചു.

” ചിത്രം റിലീസ് ചെയ്യാന്‍ പറ്റുന്നതാണെന്നു കണ്ടെത്തിയതുകൊണ്ടാവാം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ റിലീസിനുശേഷം ചില സംഘടനകള്‍ക്ക് ചില ഭാഗങ്ങളോട് എതിര്‍പ്പു തോന്നി. ചിത്രത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നാണ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. ” ഷിന്റേ പറഞ്ഞു.

രാജ്കുമാര്‍ ഹിറാനിയുടെ ചിത്രത്തിനെതിരെ പ്രധാനമായും ബംജ്രംഗദളിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ “പി.കെ” പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ ആക്രമിക്കുകയും ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

“സെന്‍സര്‍ ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളില്ലാതെ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാം. ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതു ശരിയാവാം. എന്നാല്‍ അത് സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനു ഭീഷണിയാവുമെന്നു കണ്ടാല്‍ ഞങ്ങള്‍ ഇടപെടും.” അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ “പി.കെ”യില്‍ നിന്നും ഒരു സീന്‍ പോരും കട്ടു ചെയ്യില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ലീല സാംസണ്‍ അറിയിച്ചിട്ടുണ്ട്. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തെ എതിര്‍ത്ത് ആമിര്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട്. താന്‍ എല്ലാ മതത്തേയും ആദരിക്കുന്നയാളാണെന്നാണ് ആമിര്‍ പറഞ്ഞത്. ചിത്രം കണ്ട തന്റെ ഹിന്ദു സുഹൃത്തക്കളിലാര്‍ക്കും ഇപ്പറഞ്ഞ രീതിയിലുള്ള പ്രശ്‌നങ്ങള്‍ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് മുംബൈയിലെ ചില തിയ്യേറ്ററുകള്‍ “പി.കെ” പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു.

We use cookies to give you the best possible experience. Learn more