'സിനിമാക്കാരോട്, രാജാജി നഗര്‍ ഗുണ്ടകളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ താവളവുമായി ചിത്രീകരിക്കുന്നത് നിര്‍ത്തുക'
Movie Day
'സിനിമാക്കാരോട്, രാജാജി നഗര്‍ ഗുണ്ടകളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ താവളവുമായി ചിത്രീകരിക്കുന്നത് നിര്‍ത്തുക'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th September 2023, 4:52 pm

തിരുവനന്തപുരം: ഓണം റിലീസായി തിയേറ്ററിലെത്തിയ ആര്‍.ഡി.എക്‌സ് സിനിമക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പി.കെ. റോസി ഫൗണ്ടേഷന്‍. തിരുവനന്തപുരത്തെ രാജാജി നഗര്‍ ഗുണ്ടകളുടെയും, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ താവളവുമായി സിനിമകളില്‍ ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്ന് പി.കെ. റോസി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.ഡി.എക്‌സില്‍ മഹാരാജാസ് കോളനിയായി കാണിച്ച ഭാഗങ്ങള്‍ രാജാജി നഗറില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പി.കെ. റോസി ഫൗണ്ടേഷന്റെ പ്രതികരണം.

പുതുതലമുറയിലെ കുട്ടികള്‍ ആത്മാഭിമാനത്തോടെ വളര്‍ന്നുവരുന്ന ഒരിടത്തെ
എന്തും കാണിക്കാം എന്നുള്ള ധാരണ തിരുത്തേണ്ടതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇനിമുതല്‍ സനിമയില്‍ രാജാജി നഗറില്‍ ചിത്രീകരിക്കപ്പെടുന്ന ഭാഗങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വായിച്ചുനോക്കി അനുമതി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

പി.കെ. റോസി ഫൗണ്ടേഷന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം

ചലച്ചിത്ര പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്. തിരുവനന്തപുരം രാജാജി നഗര്‍ ഗുണ്ടകളുടെയും, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി ചിത്രീകരിക്കുന്നത് നിര്‍ത്തുക!

 

നിരവധി പ്രതിഭകളെ(മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്) ലോകത്തിനുമുന്നില്‍ നല്‍കിയ/ നല്‍കാന്‍ പ്രാപ്തിയുള്ള കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുള്ള നഗരത്തിന്റെ ഹൃദയഭാഗമാണ് രാജാജി നഗര്‍.

അവിടുത്തെ പുതുതലമുറയിലെ കുട്ടികള്‍ ആത്മാഭിമാനത്തോടെയാണ് വളര്‍ന്നുവരുന്നവരുന്നത്. അവിടെ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ തിരുത്തുക. തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു മലയാള ചിത്രത്തിലെ ചില രംഗങ്ങള്‍ ഒരു കൂട്ടം കയ്യടിച്ചു സ്വീകരിക്കുമ്പോഴും, മറുവശത്ത് പുതുതലമുറ ആശങ്കയിലാണ്. ഈ ചത്രീകരണത്തില്‍ പി.കെ. റോസി ഫൗണ്ടേഷന്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

പ്രദേശവാസികള്‍ വരുംതലമുറയ്ക്കായി അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
അവിടെ ചിത്രീകരിക്കുന്ന ഭാഗത്തിന്റെ മാത്രം സ്‌ക്രിപ്റ്റ് പൂര്‍ണമായും രാജാജി നഗറിലെ ഉത്തരവാദിത്തപ്പെട്ടവര്‍ വായിച്ചുനോക്കി ചിത്രീകരിക്കാന്‍ അനുമതി നല്‍കാന്‍ ശ്രദ്ധിക്കുമല്ലോ.

Content Highlight: PK  Rosi Foundation wants to stop portraying Thiruvananthapuram’s Rajaji Nagar as a hotbed of gangsters and immoral activities in films