'സ്വാമിമാര്‍, സന്യാസിമാര്‍, സൂഫികള്‍ എന്നിവര്‍ ഇനി ബയോഡാറ്റ സമര്‍പ്പിക്കട്ടെ'; ശ്രീ എമ്മിനെ കേന്ദ്ര സര്‍വകലാശാലയുടെ ചാന്‍സിലറായി നിയമിച്ചതില്‍ പരിഹസിച്ച് പി.കെ. പോക്കര്‍
Kerala News
'സ്വാമിമാര്‍, സന്യാസിമാര്‍, സൂഫികള്‍ എന്നിവര്‍ ഇനി ബയോഡാറ്റ സമര്‍പ്പിക്കട്ടെ'; ശ്രീ എമ്മിനെ കേന്ദ്ര സര്‍വകലാശാലയുടെ ചാന്‍സിലറായി നിയമിച്ചതില്‍ പരിഹസിച്ച് പി.കെ. പോക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 2:11 pm

കോഴിക്കോട്: ആത്മീയാചാര്യനും സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ശ്രീ എമ്മിനെ ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാലയുടെ ചാന്‍സിലറായി നിയമിച്ചതില്‍ വിമര്‍ശനം.

വി.സിയാകാന്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത, ആത്മീയരംഗത്തു പശ്ചാത്തലമുള്ളയാളുകളെ നിയമിക്കുന്നത് സംഘപരിവാര്‍ അജണ്ടയായാണ് വിമര്‍ശിക്കപ്പെടുന്നത്.

ആത്മീയ നേതാക്കള്‍ക്കാണോ നിലവില്‍ രാജ്യത്ത് വി.സി ആകാനുള്ള യോഗ്യത എന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.കെ. പോക്കര്‍ പരിഹസിച്ചു.

ആത്മബോധമുള്ള കേന്ദ്ര സര്‍വകലാശാലാ വി.സിമാര്‍ ഇപ്പോഴെല്ലെങ്കിലും രാജിവെക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘ശ്രീ എം എന്ന് അറിയപ്പെടുന്ന ശ്രീ മുംതസ് അലിയെ ഹൈദരബാദിലെ മൗലാനാ ആസാദ് ഉറുദു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചിരിക്കുന്നു.

എല്ലാ കേന്ദ്ര സര്‍വകലാശാലകളും 2024നകം ഈ രീതി പിന്തുടരാന്‍ സാധ്യത. സ്വാമിമാര്‍, സന്യാസിമാര്‍, സൂഫികള്‍ എന്നീ വിലാസങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികള്‍ ബയോഡാറ്റ സമര്‍പ്പിച്ചു ബന്ധപ്പെട്ട അധികാരികളെ സമീപിക്കേണ്ടതാണ്.

ശ്രീ എമ്മിന് അക്കാദമികമായ ബിരുദങ്ങള്‍ ഉള്ളതായി രേഖകള്‍ ഇല്ല. അല്ലെങ്കിലും ലോക പരിചയവും സര്‍വസംഗ പരിത്യാഗ മനോഭാവവും ആണല്ലോ അടുത്ത ജന്മത്തിലേക്കു കരുതി വെക്കേണ്ടത്. താമസിയാതെ സംസ്ഥാനങ്ങള്‍ക്കും ഉചിതമായ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍മാര്‍ മുഖേന നല്‍കുന്നതായിരിക്കും. (ആത്മബോധമുള്ള കേന്ദ്ര സര്‍വകലാശാലാ വി.സിമാര്‍ ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് രാജിവെക്കുക.),’ പി.കെ. പോക്കര്‍ ഫേസ്ബുക്കിലൂടെ എഴുതി.

അതേസമയം, കഴിഞ്ഞ വര്‍ഷം ശ്രീ എമ്മിന് യോഗ സെന്റര്‍ ആരംഭിക്കാന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വിവാദമായിരുന്നു. കേരളത്തില്‍ ഭൂരഹിതരായ ആദിവാസി ദളിത് ന്യൂനപക്ഷങ്ങള്‍ കിടപ്പാടത്തിന് വേണ്ടി സമരം ചെയ്യുമ്പോള്‍ അത് പരിഗണിക്കാത്ത സര്‍ക്കാരാണ് ആര്‍.എസ്.എസ് അനുകൂലിയായ ഒരു ആത്മീയാചാര്യന് യോഗ സെന്റര്‍ ആരംഭിക്കാന്‍ വേണ്ടി ഭൂമി നല്‍കുന്നത് എന്നാണ് നടപടിയില്‍ സര്‍ക്കാരിനെതിരെ ഉയരുന്നവന്നിരുന്ന പ്രധാന വിമര്‍ശനം.

പാവപ്പെട്ടവന് വീട് വെച്ചുനല്‍കേണ്ട ഭൂമിയാണ് യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് സഹയാത്രികന് കൈമാറുന്നതെന്ന വിമര്‍ശനവുമായി
അന്ന് പ്രതിപക്ഷ എം.എല്‍.എയായിരുന്ന വി.ടി. ബല്‍റാമും രംഗത്തുവന്നിരുന്നു.