| Monday, 11th March 2024, 3:42 pm

സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിക്കാൻ ഇസ്രഈൽ സോഫ്റ്റ്‌വെയർ; സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെതിരെ പി.കെ. പോക്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകൾ നിരീക്ഷിക്കാനും ഡാറ്റ തയ്യാറാക്കാനും ഇസ്രഈൽ നിർമിത സോഫ്റ്റ്‌വെയർ വാങ്ങാനുള്ള സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എസ്.ടി.എസ്) നീക്കത്തിനെതിരെ എഴുത്തുകാരനും ഇടത് സാംസ്കാരിക പ്രവർത്തകനുമായ പി.കെ. പോക്കർ.

സമാനമായ നീക്കത്തിലൂടെയാണ് വീൽ ചെയറിലെ സായിബാബയെയും പാർക്കിൻസൺ ബാധിച്ച സ്റ്റാൻ സാമിയെയും വ്യാജ കേസിൽ തടവിലാക്കിയതെന്ന് പദ്ധതി നടപ്പാക്കുന്നതിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് പോക്കർ ഫേസ്ബുക്കിൽ കുറിച്ചു.

‘വരുന്നു ഇസ്രഈൽ, അങ്ങനെയാണ് വീൽ ചെയറിലെ സായിബാബയെയും പാർക്കിൻസൺ ബാധിച്ച സ്റ്റാൻ സ്വാമിയെയും വ്യാജ കേസിൽ തടവിലാക്കുന്നത്,’ പി.കെ. പോക്കർ പറഞ്ഞു.

തീവ്രവാദ സ്വഭാവമുള്ളതെന്ന് തോന്നുന്ന പോസ്റ്റിന് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണ, കൂടുതൽ പോസ്റ്റുകൾ ഏതൊക്കെ മേഖലകളിൽ നിന്ന്, പോസ്റ്റ് ഇടുന്നവരുടെയും പിന്തുണ നൽകുന്നവരുടെയും പ്രായം, അനുകൂല-പ്രതികൂല കമന്റുകളുടെ എണ്ണം തുടങ്ങിയ ഡാറ്റകൾ തയ്യാറാക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.

പദ്ധതിയിലേക്ക് 1.20 കോടി രൂപ ചെലവിൽ ഉപകരണങ്ങൾ വാങ്ങാൻ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്‌ ശുപാർശ നൽകിയിരുന്നു.

ഈ ശുപാർശ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.

പൂനെയിലെ ഭീമ കൊറേഗാവ് സംഘർഷത്തിൽ പങ്കുണ്ടെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നുമാരോപിച്ച് യു.എ.പി.എ നിയമം ചുമത്തിയാണ് സ്റ്റാൻ സ്വാമിയെ ജയിലിലടച്ചത്. അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ രേഖകൾ തിരുകിക്കയറ്റി കള്ളക്കേസിൽ കുടുക്കിയതാണെന്ന് പിന്നീട് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കൊവിഡ് ബാധിതനായ അദ്ദേഹം 2021ൽ ജാമ്യ ഹരജിയിൽ വാദം നടന്നുകൊണ്ടിരിക്കെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ദൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ പത്ത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റമവിമുക്തനായി പുറത്തുവന്നത്.

Content Highlight: PK poker against State Anti Terrorism Squad for purchasing Software from Israel to monitor social media posts

Latest Stories

We use cookies to give you the best possible experience. Learn more