നരകത്തില്‍ നിന്ന് ഗോഡ്‌സെയുടെ കത്ത്
Poem
നരകത്തില്‍ നിന്ന് ഗോഡ്‌സെയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 6:02 pm

നരകത്തില്‍ നിന്ന് നാഥുറാം വിനായക് ഗോഡ്സെ എഴുതുന്നു.-

കാവി ധരിച്ചു ചിരിച്ചു കൊണ്ട് പൂജാ ശാക്യന്‍ ദാണ്ഡേ
ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്തപ്പോള്‍ ഞാന്‍ മതിമറന്നു സന്തോഷിച്ചു,
എന്റെ വംശം കുറ്റിയറ്റു പോയിട്ടില്ല

ഗാന്ധി തീര്‍ന്നു, ഞാന്‍ അമീബപോലെ പെറ്റു പെരുകുകയാണ്.

പശുവിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ മനുഷ്യരെ കൊല്ലുന്നവര്‍,
ബാബറിമസ്ജിദ് പൊളിച്ചവര്‍,
വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ ആളുകളെ കൊല്ലുന്നവര്‍,
അനന്തമൂര്‍ത്തിക്കടക്കം പാക്കിസ്ഥാനിലേക്കു ടിക്കറ്റയച്ചുകൊടുത്തവര്‍,

ഗൗരിലങ്കേഷിനെ വരെ വെടിവെച്ചുകൊന്നവര്‍,
ഘര്‍വാപസി ആക്രോശിക്കുന്നവര്‍, പെരുമാള്‍മുരുകന്‍ മുതല്‍ പേരോടു
എഴുത്തു നിര്‍ത്താന്‍ പറയുന്നവര്‍,

ക്ഷേത്രത്തില്‍ കയറുന്ന ദളിതനെയും സ്ത്രീയെയും തല്ലിയോടിക്കുന്നവര്‍,
വര്‍ഗീയതയുടെ രഥമുരുട്ടുന്നവര്‍-
എല്ലാം എന്റെ വംശമാണ്.

എന്ത് സന്തോഷമുണ്ടെന്നോ മനുഷ്യര്‍ക്ക് കൊമ്പുകളും ദംഷ്ട്രകളും മുളയ്ക്കുന്നതു കാണാന്‍
മുക്രയിടുന്ന ആള്‍ക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്നതു കാണാന്‍

ഹായ് എന്ത് രസം ഈ ത്രിശൂലങ്ങളും വാളുകളും
ഗാന്ധിജി ഇല്ലേയില്ല
ഗാന്ധിസം പറഞ്ഞു നടക്കുന്നവരത്രയും വേഷപ്രച്ഛന്നര്‍

വെറുതെയല്ല അവരിലൊരാള്‍ അനന്തപുരിയില്‍ സംഘപരിവാറിന്റെ പന്തലില്‍ പോയി നാരങ്ങാനീര് കൊടുത്തത്

ഒരപേക്ഷ:
ഈ 2019 ലെ തെരെഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിക്കണമേ
ഞാനുമൊരു വിശ്വാസിയാണ്.