| Saturday, 12th August 2017, 1:01 pm

'ശ്വാസം കിട്ടാതെ 30 കുട്ടികള്‍ പിടയുമ്പോഴും സര്‍ക്കാര്‍ ആര്‍ഷഭാരതത്തെയോര്‍ത്ത് അഭിമാനിക്കുന്നു'; ജനാധിപത്യം ഇപ്പോഴും ഐ.സി.യുവിലാണെന്ന് പി.കെ പാറക്കടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.പിയില്‍ 30 കുട്ടികള്‍ ശ്വാസം കിട്ടാതെ പിടയുമ്പോഴും സര്‍ക്കാര്‍ ആര്‍ഷഭാരതത്തെ കുറിച്ച് അഭിമാനം കൊള്ളുകയാണെന്ന് പി.കെ പാറക്കടവ്. ഭാരതീയ സംസ്‌കാരത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം ഐ.സി.യുവില്‍ കിടന്നു പിടയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റുകള്‍ക്കെതിരെ രോഹിത് വെമൂലയുടെ രൂപത്തിലും പെരുമാള്‍ മുരുകന്റെ രൂപത്തിലും ജനാധിപത്യം ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റുകാലത്തെ എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പാറക്കടവ്. പ്രശസ്ത സാഹിത്യകാരന്മാരായ എന്‍.എസ് മാധവന്‍, കെ.പി രാമനുണ്ണി, ചെറുകഥാകൃത്തും സിനിമാ പ്രവര്‍ത്തകനുമായ ഉണ്ണി ആര്‍,തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ഇതേവേദിയില്‍ സംസാരിക്കവെ, സംഘപരിവാറിന്റെ സവര്‍ണ്ണ-ഹിന്ദു മനുഷ്യസങ്കല്‍പ്പത്തെ എതിര്‍ക്കുന്നവരെ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് നേരിടുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞിരുന്നു. മനുഷ്യത്വത്തിന് മേല്‍ ഫാസിസ്റ്റുകള്‍ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read:  ആമിര്‍ഖാന് മുടിവളര്‍ത്താം, മൂക്കിന്‍ തുമ്പില്‍ സ്റ്റെഡ് ഇടാം; നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ അത് ചെയ്താല്‍ എങ്ങനെ കുറ്റമാകും: ലോക്‌നാഥ് ബെഹ്‌റ


കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് സംഭവം. ഇതിനെക്കുറിച്ചായിരുന്നു പാറക്കടവിന്റെ പരാമര്‍ശം.

ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെയാണ് മരിച്ചത്. ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നായിരുന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 48 മണിക്കൂറിനുളളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്.

സര്‍ക്കാര്‍ ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണം. ഓക്സിജന്‍ കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ ഈ ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതെ തുടര്‍ന്നാണ് ഓക്സിജന്‍ നല്‍കാതിരുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more