കോഴിക്കോട്: ഹരിത നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഖേദ പ്രകടനവുമായി എം.എസ്.എഫ് അധ്യക്ഷന്‍ പി.കെ. നവാസ്.
വ്യക്തിപരമായോ ലിംഗപരമായോ ആരെയും താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും പി.കെ. നവാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഖേദപ്രകടനത്തില്‍ പറഞ്ഞു.
സ്ത്രീകളോടും, മുതിര്‍ന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ തന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിത ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ നേതാക്കള്‍ ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ലെന്നും നവാസ് വിശദീകരിച്ചു.
ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.
യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ പറയാനും തയ്യാറാകുമായിരുന്നെന്നും നവാസ് പറഞ്ഞു.
പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാതിരുന്നതും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിര്‍ദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു.
ഇന്ന് വിഷയത്തില്‍ പാര്‍ട്ടി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങള്‍ ഇവിടെ അവസാനിക്കട്ടെ. തെരഞ്ഞെടുപ്പാനന്തര മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നില്‍ക്കട്ടെയെന്നും പി.കെ നവാസ് ഖേദപ്രകടനത്തില്‍ പറഞ്ഞു.
പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചാല്‍ മതിയെന്ന് മുസ്‌ലിം ലീഗ് വ്യാഴാഴ്ച നിലപാട് എടുക്കുകയായിരുന്നു. എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ എം.എസ്.എഫ് നേതൃത്വം ഖേദം പ്രകടിപ്പിച്ചാലും ഹരിത പരാതി പിന്‍വലിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നും ഹരിത നേതാക്കള്‍ പറഞ്ഞിരുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ് ഹൗസില്‍ നടന്ന ചര്‍ച്ച ബുധനാഴ്ച രാത്രി 12 മണിക്കാണ് അവസാനിച്ചത്.
ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.കെ. മുനീര്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് സംസാരിച്ചത്.
‘ഹരിത’ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.
കഴിഞ്ഞ ആഴ്ച ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. ജൂണ്‍ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച് കാര്യങ്ങളില്‍ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് ഹരിത നേതാക്കള്‍ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജില്ല കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തത്.
പി.കെ. നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങള്‍ നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട യോഗത്തില്‍ ആരെയും വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാന്‍ നടത്തിയിട്ടില്ല.
സ്ത്രീകളോടും, മുതിര്‍ന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും.
എന്നാല്‍ എന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിത ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ നേതാക്കള്‍ ഉത്തരവാദിത്വപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല.
വീണ്ടും ഇതേ വിഷയത്തില്‍ ഇന്നലെ നടന്ന യോഗത്തിലേക്ക് പാര്‍ട്ടി നേതാക്കള്‍ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.
യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.
പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാതിരുന്നതും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിര്‍ദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു.
ഇന്ന് വിഷയത്തില്‍ പാര്‍ട്ടി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങള്‍ ഇവിടെ അവസാനിക്കട്ടെ. തെരഞ്ഞെടുപ്പാനന്തര മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നില്‍ക്കട്ടെ.
താലിബാന്‍ ലീഗെന്നും, സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്നുമുള്ള പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവര്‍ത്തകരുടെ ഹൃദയമാണ്. അവരില്‍ ഒരുവനായി ആ വേദനയെ ഉള്‍ക്കൊള്ളുന്നു. പി.കെ. നവാസ്