| Saturday, 23rd June 2012, 1:15 pm

ടി.പി വധം: പി.കെ കുഞ്ഞനന്തന്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പി.കെ കുഞ്ഞനന്തന്‍ കീഴടങ്ങി. വടകര കോടതിയിലാണ് കുഞ്ഞനന്തന്‍ കീഴടങ്ങിയത്. സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമാണ് കുഞ്ഞനന്തന്‍.

അതീവ രഹസ്യമായാണ് കുഞ്ഞനന്തന്‍ കോടതിയിലെത്തിയത്. രണ്ട് സഹായികള്‍ക്കൊപ്പം ഓട്ടോറിക്ഷയിലാണ് കുഞ്ഞനന്തന്‍ കോടതിയിലെത്തിയത്. കുഞ്ഞനന്തന്‍ കോടതിയിലെത്തുന്നതിന് മുമ്പ് പാനൂര്‍ ഏരിയ സെക്രട്ടറി പവിത്രന്‍, വടകര ഏരിയ സെക്രട്ടറി തുടങ്ങിയ ചില സി.പി.ഐ.എം നേതാക്കള്‍ കോടതി പരിസരത്തെത്തി പോലീസ് ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഓട്ടോറിക്ഷയില്‍ സഹായികള്‍ക്ക് മധ്യത്തിലായി ഇരുന്ന കുഞ്ഞനന്തന്‍ കോടതിക്ക് പിറകിലിറങ്ങി ധൃതിയില്‍ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

കുഞ്ഞനന്തനെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടു വടകര കോടതി ഉത്തരവിട്ടു. ടി.പി വധക്കേസിലെ 23ാം പ്രതിയാണ് കുഞ്ഞനന്തന്‍. അഡ്വ. വിശ്വനാണ് കുഞ്ഞനന്തനുവേണ്ടി കോടതിയില്‍ ഹാജരായത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നേരത്തെ കുഞ്ഞനന്തന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 19ന് ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി. ഷര്‍സി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞനന്തന്‍ ഉടന്‍ കീഴടങ്ങുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കുന്നുമ്മക്കര ലോക്കന്‍ കമ്മിറ്റിയംഗം കെ.സി രാമകൃഷ്ണന്‍ പിടിയിലായതോടുകൂടിയാണ് കേസില്‍ കുഞ്ഞനന്തന്റെ പങ്ക് വ്യക്തമായത്. കെ.സി രാമകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കുഞ്ഞനന്തനുമായി പലവട്ടം ബന്ധപ്പെട്ടതായി വ്യക്തമായിരുന്നു. ഈ ഘട്ടത്തിലാണ് കുഞ്ഞനന്തന്‍ ഒളിവില്‍ പോയത്.

ആദ്യം ബാംഗ്ലൂരിലേക്കാണ് കുഞ്ഞനന്തന്‍ പോയത്. അവിടെ ചില സുഹൃത്തുക്കളുടെ സഹായത്തില്‍ കഴിഞ്ഞെങ്കിലും പോലീസ് പിന്‍തുടരുന്നുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം ബല്‍ഗാമിലേക്ക് പോയി. അവിടെ പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ പൂനെയിലേക്ക് മാറി. പൂനെയില്‍ കുറച്ചുകാലം നിന്നെങ്കിലും പിടിയിലാവുന്നത് ഭയന്ന് ബാംഗ്ലൂര്‍ വഴി പയ്യന്നൂരെത്തി. പയ്യന്നൂരില്‍വച്ച് കുഞ്ഞനന്തന്റെ സഹായിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍, ചീമേനി, കയ്യൂര്‍ മേഖലകളില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ കുഞ്ഞനന്തനെ പിടികൂടാന്‍ സാധിച്ചില്ല.

കേസില്‍ പിടിയിലായ മുഖ്യപ്രതി കൊടിസുനിയും കുഞ്ഞനന്തനെതിരെ മൊഴി നല്‍കിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് ശല്യമാണെന്നും അതിനാല്‍ വധിക്കണമെന്നും കുഞ്ഞനന്തന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കൊടി സുനി മൊഴി നല്‍കിയത്.

ചന്ദ്രശേഖരന്‍ വധക്കേസിലെ ബുദ്ധികേന്ദ്രം എന്നാണ് അന്വേഷണ സംഘം കുഞ്ഞനന്തനെ വിശേഷിപ്പിച്ചത്. കൃത്യം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞനന്തന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നു കരുതുന്ന കൊടി സുനി, കിര്‍മാണി മനോജ്, എം.സി അനൂപ് എന്നീ പ്രതികളെയും കൊണ്ടാണ് സംഘം തെളിവെടുപ്പ് നടത്തിയത്.

ഗൂഢാലോചന നടത്തിയ മുറി, ഇരുന്ന സ്ഥലം എന്നിവ പ്രതികള്‍ കാണിച്ചുകൊടുത്തു.

We use cookies to give you the best possible experience. Learn more