മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് സംബന്ധിച്ച് വിവാദങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമല്ലെന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഒപ്പ് വ്യാജമല്ലെന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ദേശീയ തലത്തില്‍ തന്നെ നേരത്തെ ബി.ജെ.പിയുടെ ഒക്ക ചങ്ങായിമാരായിട്ടുള്ളത് സി.പി.ഐ.എമ്മാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലീം ലീഗിന്റെ ചങ്ങാതിമാര്‍ യു.ഡി.എഫാണ് എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ഒക്കച്ചങ്ങാതിയാണ് ലീഗെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്.
‘ബി.ജെ.പിയുടെ ആരോപണം ‘ഒക്ക ചങ്ങാതിമാര്‍’ എങ്ങനെ ഏറ്റെടുക്കാതിരിക്കും. ബി.ജെ.പി പറഞ്ഞാല്‍ ലീഗും യു.ഡി.എഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആള്‍ക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ല’
കോണ്‍ഗ്രസിനെക്കാളും വാശിയില്‍ ലീഗാണ് ചില കാര്യങ്ങളില്‍ ബി.ജെ.പിയെ സഹായിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അതേസമയം ബെംഗളൂരു ലഹരി കടത്ത് കേസ് കേരളവും ഗൗരവത്തോടെ കാണണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതികള്‍ക്ക് ഉന്നതതലത്തില്‍ നിന്ന് സഹായം കിട്ടുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് മാഫിയയുടെ വേരുണ്ടെങ്കില്‍ കണ്ടു പിടിക്കണം, വേരറുക്കണം. പുതിയ വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പി.കെ.ഫിറോസ് പറഞ്ഞതിലേക്കാണ് കാര്യങ്ങള്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക