| Thursday, 18th February 2021, 1:46 pm

എല്ലാ വര്‍ഗീയതയും മോശമാണ്, ഇക്കാര്യത്തില്‍ എന്തിനാണ് തരംതിരിവ്; വിജയരാഘവനെതിരെ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയത എന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

എല്ലാ വര്‍ഗീയതയും മോശമാണെന്നും ഇക്കാര്യത്തില്‍ എന്തിനാണ് തരംതിരിവ് എന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയുടെ കാര്യത്തില്‍ തരംതിരിവ് എന്തിനാണ്? അത് അപലപിക്കേണ്ടതാണ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

‘ എത്ര നിഷേധിച്ചിട്ടും ചിലരുടെ മനസ്സിലുള്ള കാര്യങ്ങള്‍ പുറത്തു വരികയാണ്. ഇവര്‍ പറയുകയും തിരുത്തുകയും ചെയ്യുന്നു. എല്ലാ വര്‍ഗീയതയും മോശമാണ്. വര്‍ഗീയതയുടെ കാര്യത്തില്‍ തരംതിരിവ് എന്തിനാണ്? അത് അപലപിക്കേണ്ടതാണ്.

ന്യൂനപക്ഷ വികാരം മുതലെടുത്ത് സി.പി.ഐ.എം പല വേളകളില്‍ എടുത്ത നിലപാടുകള്‍ ശരിയല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. വോട്ടിനു വേണ്ടിയാണ് അത്തരം സമീപനങ്ങള്‍ എടുത്തത്. ആ തരംതിരിവാണ് മോശം. നമ്മുടെ രാജ്യത്ത് ബി.ജെ.പി ഉള്ളതു കൊണ്ട് ഇവിടത്തെ ഗൗരവമുള്ള പ്രശ്നം അവരുണ്ടാക്കുന്ന വര്‍ഗീയതയാണ്’,അദ്ദേഹം പറഞ്ഞു.

മതേതര കക്ഷികള്‍ കേരളത്തില്‍ യു,ഡി.എഫിന്റെ പിന്നില്‍ അണിനിരക്കുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയില്‍ അണിനിരക്കണം. പഞ്ചാബില്‍ ജാതിമത വ്യത്യാസങ്ങള്‍ക്കപ്പുറം കാര്‍ഷിക പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിന് പിന്നില്‍ ജനം അണിനിരന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി എ. വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു ത്രാസിലിട്ട് അളക്കാന്‍ സാധിക്കില്ലെന്നും താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ വികസമുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

‘ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയല്ലേ. അതിനെ തോല്‍പ്പിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് നില്‍ക്കണ്ടേ. എല്ലാവരും ഒരുമിച്ച് നിന്ന് തീവ്ര വലതുപക്ഷ വര്‍ഗീയ വാദത്തെ, ഭൂരിപക്ഷ വര്‍ഗീയ വാദത്തെ അതിന് ഇപ്പോള്‍ കിട്ടിയ മേധാവിത്വത്തെ, ആ മേധാവിത്വം കിട്ടുന്ന സാഹചര്യത്തില്‍ പെരുമാറിയ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിമിതികളെ തിരിച്ചറിഞ്ഞ് കൊണ്ട് മുന്നോട്ട് പോയില്ലെങ്കില്‍ ഈ രാജ്യം നിലനില്‍ക്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരം നല്‍കുന്ന പ്രസ്ഥാനമായ ഇടതുപക്ഷ ജനാധിപത്യ മതേതര ചേരി ഇന്ത്യാ രാജ്യത്തെ മനുഷ്യനെ ഒരുമിപ്പിക്കാനുള്ള രാഷ്ട്രീയ ചേരിയാണ്. അതിന് കരുത്തുള്ള നാട് ഈ കേരളമാണ്,’ എന്നായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്.

എന്നാല്‍ സംഭവം വലിയ രീതിയില്‍ വിവാദമായതോടെയാണ് പ്രസ്താവനയില്‍ വിശദീകരണവുമായി വിജയരാഘവന്‍ രംഗത്തെത്തിയത്.

‘രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ ഇടതുപക്ഷമല്ലാതാവും. ഈ ത്രാസില്‍ ഭൂരിപക്ഷ വര്‍ഗീയതയെന്നും മറ്റൊരു ത്രാസില്‍ ന്യൂനപക്ഷ വര്‍ഗീയതയെന്നും കാണാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗീയതയും വര്‍ഗീയതയാണ്. ആ നിലപാടിനെ ഒരിക്കലും നമുക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ വേറെ അര്‍ത്ഥമാണ് കാണുന്നത്. ഈയൊരു നമുക്ക് ഉള്ളതുകൊണ്ട് ഞാന്‍ ഈ അര്‍ത്ഥ വിന്യാസങ്ങളുടെ വിശാലതലത്തിലേക്ക് സഞ്ചരിച്ച് കൊണ്ട് വിപുലമായ അപഗ്രഥനം നടത്തി നിങ്ങളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നില്ല,’ എന്നായിരുന്നു വിജയരാഘവന്‍ നല്‍കിയ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more