ലീഗിന്റെ മൂന്നാം സീറ്റ്; ചർച്ച തൃപ്തികരം, തീരുമാനം സാദിഖലി തങ്ങൾ വന്ന ശേഷം 27ന് അറിയിക്കും: കുഞ്ഞാലിക്കുട്ടി
Kerala News
ലീഗിന്റെ മൂന്നാം സീറ്റ്; ചർച്ച തൃപ്തികരം, തീരുമാനം സാദിഖലി തങ്ങൾ വന്ന ശേഷം 27ന് അറിയിക്കും: കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th February 2024, 12:53 pm

ആലുവ: മുസ്‌ലിം ലീഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

സാദിഖലി തങ്ങൾ ഇപ്പോൾ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ അദ്ദേഹം വന്ന ശേഷം ഫെബ്രുവരി 27ന് പാണക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ ചർച്ചയുടെ വിലയിരുത്തൽ നടത്തുമെന്നും തുടർന്ന് അന്തിമ തീരുമാനം അറിയിക്കാമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചു.

സാദിഖലി തങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും അതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിനെ പ്രതിനിധീകരിച്ച് എം.എം. ഹസൻ, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരും ലീഗിനെ പ്രതിനിധീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, ഇ.ടി. മുഹമ്മദ്‌ ബഷീർ, പി.എം.എ. സലാം എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്ക് പുറമേ മറ്റൊരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. കൂടാതെ നേരത്തെ വിട്ടുനൽകിയ രാജ്യസഭാ സീറ്റ് കൂടി വേണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ലീഗിന് മൂന്നാം സീറ്റ് നൽകേണ്ട എന്ന കോൺഗ്രസ്‌ തീരുമാനിച്ച കാര്യം നേരത്തെ ചോർന്നിരുന്നു. തുടർന്ന് ലീഗ് നിലപാട് കടുപ്പിക്കുകയും മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകൾ നൽകുകയും ചെയ്തിരുന്നു.

Content Highlight: PK kunjalikkutty says bilateral meeting on 3rd seat is satisfactory