| Wednesday, 23rd December 2020, 5:46 pm

മുന്നാക്ക സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്നൊന്നുമില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുന്നാക്ക സാമ്പത്തിക സംവരണ നിലപാടില്‍ മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ്. സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്നല്ല നിലപാടെന്നും കൂട്ടായ ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയമാണ് വേണ്ടതെന്നും ലീഗ് നേതാവും എം.പിയുമായ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഈ വിഷയത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് ഇറക്കിയ പ്രകടന പത്രികയില്‍ വ്യക്തമായ നിലപാട് പറയുന്നുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്ന രീതിയില്‍ ഒരു സമന്വയം ഉണ്ടാക്കണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ആളുകളുമായി അതിന് വേണ്ട ചര്‍ച്ച നടത്തുമെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിശ്വാസം ആര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രഖ്യാപനം നടത്തി എല്ലാവരെയും തമ്മിലടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ലീഗ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കരാക്കുമെന്ന് കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 28ന് ലീഗ് എറണാകുളത്ത് പിന്നാക്ക വിഭാഗങ്ങളുടെ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Kunjalikkutty on Economic Reservation

Latest Stories

We use cookies to give you the best possible experience. Learn more