ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പിന്നില്‍ പോകാനാണ് ഇഷ്ടമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് 1,24,581ഉം രാഹുല്‍ ഗാന്ധിക്ക് 1,43,570 വോട്ടുകളുടെ ലീഡാണുള്ളത്.
കണ്ണൂരില്‍ വിജയിച്ചാല്‍ അതിന്റെ എല്ലാ നന്ദിയും മുഖ്യമന്ത്രി പിണറായി വിജയനോടാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി കെ. സുധാകരന്‍ പറഞ്ഞിരുന്നു.
‘യു.ഡി.എഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയുണ്ട്. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യു.ഡി.എഫിനെ തുണച്ചു. ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും’ കെ. സുധാകരന്‍ പറഞ്ഞിരുന്നു. 42239 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ മുന്നേറ്റം.
ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. സിറ്റിങ് എം.പി പി.കെ ബിജുവിനെ 69812 വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസ് കുതിക്കുകയാണ്.
ആലത്തൂരുകാര്‍ തന്നെ ഹൃദയത്തില്‍ സ്വീകരിച്ചുവെന്നും തനിക്കുണ്ടായ എല്ലാ പ്രതിസന്ധികളേയും വോട്ടര്‍മാര്‍ ഏറ്റെടുത്ത് ഒപ്പം നിന്നെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. ആലത്തൂരിലെ എല്ലാ വോട്ടര്‍മാരും ഒപ്പം നിന്നു. അവരോടുള്ള സന്തോഷവും നന്ദിയും ഈ അവസരത്തില്‍ പറയുകയാണ്. രമ്യ ഹരിദാസ് പ്രതികരിച്ചു.