|

ടി.പി വധക്കേസില്‍ കുഞ്ഞനന്തന് മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം; ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ കുഞ്ഞനന്തന് ഇടക്കാല ജാമ്യം. ശിക്ഷ മൂന്ന് മാസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു.

2014 ല്‍ ആണ് ടി.പി വധക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാനൂര്‍ ഏരിയാ ഭാരവാഹിയുമായ കുഞ്ഞനന്തനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വിചാരണ കോടതി ശിക്ഷിക്കുന്നത്.

ഇതിനിടെ നിരവധി തവണ ചികിത്സയ്ക്കും മറ്റുമായി കുഞ്ഞനന്തന്‍ പരോളില്‍ പോയിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ജയിലിലെ ചികിത്സ കൊണ്ട് ഫലപ്രദമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കുന്നത്.

കോടതി നല്‍കുന്ന എല്ലാ ഉപാധികളും അനുസരിച്ച് പുറത്ത് ചികിത്സ നടത്തേണ്ടതുണ്ടെന്നും അതിനായി ജാമ്യം അനുവദിക്കണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു കുഞ്ഞനന്തന്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിനോട് കുഞ്ഞനന്തന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന നിര്‍ദേശമായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞനന്തന്റെ ശിക്ഷ താത്ക്കാലികമായി മൂന്ന് മാസത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരിക്കുന്നത്.

ടി.പി വധ ഗൂഢാലോചന കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടര്‍ച്ചായി പരോള്‍ നല്‍കുന്നതിനെതിരെ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.

തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 214 തവണയാണ് കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ രംഗത്തെത്തുകയും ചെയ്തിരുന്നു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് ഇത്രയേറെ കാലം ഒരു സര്‍ക്കാര്‍ പരോള്‍ നല്‍കുന്നത് ആദ്യമായിട്ടായിരിക്കുമെന്നും ഇത്തരത്തില്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും രമ പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ