'മൂപ്പരാണെങ്കില്‍ നല്ല കറുത്തിട്ടാണ്, ഇരുട്ടത്ത് നിന്നാല്‍ കാണില്ല'; ബോഡി ഷെയിമിങ് പരാമര്‍ശവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് പരിപാടിക്കിടെ ബോഡി ഷെയിമിങ് പരാമര്‍ശവുമായി ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
മലപ്പുറം ജില്ലയിലെ പോരൂരില്‍ വെച്ച് നടന്ന മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ ഒരു പ്രാദേശിക പ്രവര്‍ത്തകനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി അയാളുടെ നിറത്തെ പരിഹസിക്കുന്ന പരാമര്‍ശം നടത്തിയത്.
‘മൂപ്പരാണെങ്കില്‍ നല്ല കറുത്തിട്ടാണ്, ഇരുട്ടത്ത് നിന്നാല്‍ കാണില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് കുഞ്ഞാലിക്കുട്ടി പ്രസംഗത്തിനിടെ നടത്തിയത്.
‘അബ്ദുറഹിമാന്‍ സാഹിബിനെ എനിക്കറിയാം. ഞാന്‍ മന്ത്രിയായിരിക്കുന്ന കാലത്ത്, നേരം വെളുത്താല്‍, ശരിക്ക് പറഞ്ഞാല്‍ വെളിച്ചം വെക്കുന്നതിന് മുമ്പ് ഒരു മനുഷ്യന്‍, മൂപ്പരാണെങ്കില്‍ നല്ല കറുത്തിട്ടുമാണല്ലോ, കാണും കൂടിയില്ല.
കണ്ണ് തിരുമ്പി വന്ന് നോക്കുമ്പോള്‍ ഇരുട്ടത്ത് നില്‍ക്കുന്നുണ്ടാവും അബ്ദുറഹിമാന്‍ സാഹിബ്. മൂപ്പരെ ഇരുട്ടത്ത് നിന്നാല്‍ കാണൂലല്ലോ…,’ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.
മലപ്പുറം ചെറുകാട് പോരൂര്‍ അബ്ദുറഹിമാന്‍ സാഹിബ് നഗറില്‍ വെച്ച് നടന്ന നവീകരിച്ച മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു അന്തരിച്ച പ്രാദേശിക പ്രവര്‍ത്തകനെക്കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ബോഡി ഷെയിമിങ് പരാമര്‍ശം.
കുഞ്ഞാലിക്കുട്ടിയെക്കൂടാതെ വേദിയില്‍ മുസ്‌ലിം ലീഗ് നേതാക്കളായ അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കെ.എം. ഷാജി എന്നിവരും ഉണ്ടായിരുന്നു.
Content Highlight: PK Kunhalikutty with Body Shaming Statement