| Wednesday, 14th April 2021, 12:59 pm

കെ.എം ഷാജിക്കെതിരെയുള്ളത് രാഷ്ട്രീയ പക പോക്കല്‍; റെയ്ഡ് അസാധാരണമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.എം ഷാജിക്ക് പിന്തുണയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കെ.എം ഷാജിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് നടത്തിയ റെയ്ഡ് അസാധാരണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം ഇങ്ങനെ ഒരു പരിശോധന രാഷ്ട്രീയം തന്നെയാണ്. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള സമയം കിട്ടേണ്ടേ. അതിനു മുമ്പേ വീട്ടില്‍ റെയ്ഡ് എന്നു പറയുന്ന് കണ്ണൂരിലുണ്ടായ സംഭവ വികാസങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. അനവസരത്തില്‍ ഉണ്ടായ റെയ്ഡാണിത്. ഇത് രാഷ്ട്രീയ പകപോക്കല്‍ തന്നെയാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വീട്ടില്‍ നിന്ന് പണം പിടിച്ചു എന്നാണ് പറയുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളും ചെറിയ ചെറിയ സംഭാവനകള്‍ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവ് കണ്ടെത്തുന്നത്. എല്ലാവരും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ അനുവദിച്ച ഒരു സംഖ്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പരമാവധി സഹായിക്കും. ഓരോ സ്ഥാനാര്‍ത്ഥികളോടും പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കാന്‍ പറയും. അതിലേക്കാണ് പാര്‍ട്ടി നിശ്ചിത സംഖ്യ കൊടുക്കുന്നത്. സമയമാകുമ്പോള്‍ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും റിട്ടേണ്‍ കൊടുക്കും. അതിന്റെ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതലും കുറവും പണം കിട്ടും. അതെല്ലാം നിയമപ്രകാരം കിട്ടുന്നതുമാണ്. എല്ലാം കൊടുത്തു തീര്‍ത്ത ശേഷം ബാക്കി വന്ന പണമുണ്ടെങ്കില്‍ അത് പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യും. കുറവാണെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യും. മാസങ്ങള്‍ നീളുന്ന പ്രോസസ് ആണത്. അതിനിടക്ക് വന്നിട്ട് കാശ് അധികമുണ്ടെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

ഷാജിയുടെ കാര്യത്തില്‍ അസാധാരണമായ നടപടിയാണ് ഉണ്ടായിട്ടുള്ളത്. അതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ക്ലിയറന്‍സ് ഇല്ലാതെ ഇങ്ങനെ ഒരു പരിശോധന നടക്കില്ല. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ നമ്മള്‍ അറിയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കെ.എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോടിലെയും വീടുകളില്‍ റെയ്ഡ് നടന്നത്. അരക്കോടിയോളം രൂപ കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജലന്‍സ് പിടികൂടിയിരുന്നു.

റമദാന്‍ ദിനത്തിന്റെ തലേ ദിവസം തന്നെ ഇത്തരത്തില്‍ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനപ്രകാരമാണെന്ന് കെ.എം ഷാജി ആരോപിച്ചിരുന്നു. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ലെന്നും കെ.എം ഷാജി പറഞ്ഞു.

തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി പറഞ്ഞു. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ലെന്നും ഷാജി പ്രതികരിച്ചിരുന്നു.

കെ.എം ഷാജിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലന്‍സിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നത്.

കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.

ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

PK Kunhalikutty Support KM Shaji and he said the raid was unusual

We use cookies to give you the best possible experience. Learn more