കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇക്കാര്യത്തില്‍ മറുപടി കൊടുത്തിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
നേരത്തെ കെ.ടി. ജലീല്‍ എം.എല്‍.എ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ജലീല്‍ പറഞ്ഞു.
‘തുടര്‍ന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അവര്‍ക്കാവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കും,’ ജലീല്‍ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയേയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനേയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.
ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.
മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
എ.ആര്‍. നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.