എതിരാളികളെ തക്കം നോക്കി വേട്ടയാടലാണ് ഇടത് സര്‍ക്കാരിന്റെ പതിവ്; കെ. സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കുഞ്ഞാലിക്കുട്ടി
Kerala News
എതിരാളികളെ തക്കം നോക്കി വേട്ടയാടലാണ് ഇടത് സര്‍ക്കാരിന്റെ പതിവ്; കെ. സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 2:31 pm

കോഴിക്കോട്: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരായ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി.

രാഷ്ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ അവസാനത്തെ ഉദാഹരണമാണ് സുധാകരനെതിരെയുള്ള കേസെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് കെ. സുധാകരനെതിരെ അന്വേഷണം നടക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

തെരെഞ്ഞെടുപ്പിന് മുമ്പ് മരങ്ങള്‍ മുറിക്കണമെന്ന വാശി സര്‍ക്കാരിനുണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സമയബന്ധിതമായി മരംമുറി നടക്കുകയും ചെയ്തു. മരംമുറിയിലെ അഴിമതി ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ട്. കൊവിഡാനന്തര മരണം കൊവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സര്‍ക്കാര്‍ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കിറ്റെക്‌സ് വിവാദത്തില്‍ ഒരുവശത്ത് തല്ലും മറു വശത്ത് തലോടലുമാണ് നടക്കുന്നത്. വ്യവസായികള്‍ക്ക് ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIHGLIGHTS:  PK. Kunhalikutty said the probe against K Sudhakaran was politically motivated