മലപ്പുറം: യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും അങ്ങനെയുണ്ടായിരുന്നത് സി.പി.ഐ.എമ്മിനാണെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമാണെന്നും വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഇപ്പോള്‍ ഈ ചര്‍ച്ച കൊണ്ടുവരുന്നതില്‍ ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ഈ വിഷയത്തിന് ഇപ്പോള്‍ തീ കൊളുത്തിവിട്ടാല്‍ അത് വാണം പോലെ പോയേക്കാം എന്നാണ് അവരുടെ വിചാരം. ജമാഅത്തുമായി ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ നിന്നിരുന്നത് സി.പി.ഐ.എമ്മാണ്.
ഇടതുമുന്നണിയുടെ കൂടെ സഖ്യത്തിലിരുന്നവരാണ് ജമാഅത്തുകാര്‍. അപ്പോള്‍ അവരെ എതിര്‍ക്കുക മാത്രമല്ല അവര്‍ക്കെതിരെ മത്സരിച്ച് വിജയിച്ചവരാണ് ഞങ്ങള്‍.
അവര്‍ വേദി പങ്കിട്ടതല്ലേ, പൊന്നാനിയിലൊക്കെ സി.പി.ഐ.എമ്മും ജമാഅത്തുകാരും ഒരുമിച്ചിരുന്നവരായിരുന്നു.
സാമ്പാര്‍ മുന്നണി എന്ന പേര് വീണത് തന്നെ അങ്ങനെയല്ലേ, കാലമെത്രയോ ആയി ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു ജമാഅത്തെ ഇസ്ലാമി. എന്നിട്ടിപ്പോ വാദി പ്രതിയായി,’ കുഞ്ഞാലിക്കുട്ടി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ യു.ഡി.എഫിന് സ്വയം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നെന്നും അതൊന്നും രാഷ്ട്രീയ സഖ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.