കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സെക്കുലര്‍ രീതി ചെയ്യുന്ന തോന്നിവാസങ്ങളും മറ്റും മൂടിവെയ്ക്കാനാണെന്ന് കെ.ടി. ജലീല്‍. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കുഞ്ഞാലിക്കുട്ടി ദി മോസ്റ്റ് സെക്കുലര്‍ ലീഗ് നേതാവ് എന്ന രീതിയില്‍ ചിന്തിക്കുന്ന ആളുകളുണ്ട്. കുഞ്ഞാലിക്കുട്ടി നേതൃത്വത്തിലിരിക്കുന്നതാണ് മറ്റേത് നേതാവ് ഇരിക്കുന്നതിനേക്കാള്‍ നല്ലത്, അതിനാല്‍ കുഞ്ഞാലിക്കുട്ടി ചെയ്യുന്ന ഈ തോന്ന്യാസങ്ങള്‍ നമുക്ക് അംഗീകരിച്ചുകൊടുക്കാം എന്ന രീതിയിലാണ് പലരും ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ, ഈ സെക്കുലര്‍ മനോഭാവം എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന, അങ്ങനെ മറ്റുള്ളവര്‍ കാണുന്ന ഈ രീതി അദ്ദേഹം ചെയ്യുന്ന തനി തോന്ന്യാസങ്ങളും തെമ്മാടിത്തങ്ങളും കൊള്ളരുതായ്മകളും അവിഹിത ഇടപാടുകളും സാമ്പത്തിക ക്രമക്കേടും മൂടിവയ്ക്കാനുള്ളതാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വളരെ അടുത്ത ആളാണ് ഹരികുമാര്‍, അതുകൊണ്ട് കുഞ്ഞാലിക്കുട്ടി സെക്കുലറാണ് എന്നു പറയാന്‍ പറ്റുമോ? ഹരികുമാര്‍ എന്ന ആളെ അദ്ദേഹം വശപ്പെടുത്തിയിരിക്കുന്നത് തന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലാണ്. കുഞ്ഞാലിക്കുട്ടി സെക്കുലറാണ് എന്നു പറയുന്നത്, അദ്ദേഹം വേണ്ടത്ര മതബോധം ഇല്ലാത്ത ആളാണ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ശരിയാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് പാര്‍ട്ടിയില്‍ പാണക്കാട്ട് തങ്ങമ്മാരെ ഡെക്കറേറ്റീവ് ചെയര്‍മാനായി വയ്ക്കുകയും കുഞ്ഞാലിക്കുട്ടി അതിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘കുഞ്ഞാലിക്കുട്ടി വന്ന ശേഷം ലീഗില്‍ ഉണ്ടായ ഒരു കാര്യം എന്താണെന്നു വച്ചാല്‍ ലീഗ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപാന്തരപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. പാണക്കാട്ട് തങ്ങമ്മാരെ അതിന്റെ ഡെക്കറേറ്റീവ് ചെയര്‍മാനായി വയ്ക്കുകയും ഇദ്ദേഹം അതിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമാണ്.
പാര്‍ട്ടിക്ക് പൈസ വേണോ, താന്‍ കൊടുക്കും. തനിക്കെവിടെ നിന്നാണ് പൈസ കിട്ടുന്നത്; തന്റെ തറവാട്ടില്‍നിന്നല്ല. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, മന്ത്രിയായി പദവികള്‍ വഹിക്കുന്ന ഘട്ടത്തില്‍ അതിന്റെ മറവിലാണ് ഈ പണം മുഴുവന്‍ ഉണ്ടാക്കുന്നത്. എന്നിട്ട് ആ പണം ഉപയോഗിച്ച്, അല്ലെങ്കില്‍ ആ പണം ബാങ്കിലിട്ട് അവിടെനിന്ന് അതിന്റെ പലിശ വാങ്ങി ലീഗിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു പുതിയ പലിശാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ത്തന്നെ ആംഭിച്ചത് കുഞ്ഞാലിക്കുട്ടിയാണ് എന്നും കെ.ടി. ജലീല്‍ പറഞ്ഞു.
ഒരു നോട്ടടി യന്ത്രം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം കാണുന്നത്. ആലങ്കാരികമായി പറഞ്ഞാല്‍, ഈ നോട്ടടി യന്ത്രത്തിലൂടെ അദ്ദേഹം ഉണ്ടാക്കുന്നു എന്നു പറയുന്ന പണം മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ വലിയ അഴിമതികളുടെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹം വ്യവസായ മന്ത്രിയായിരിക്കെ ആര് അദ്ദേഹത്തെ ഒരു പുതിയ പ്രൊജക്റ്റുമായി സമീപിച്ചാലും അദ്ദേഹം ആദ്യം തന്റെ ഷെയറിനെക്കുറിച്ചാണ് സംസാരിക്കുക. അദ്ദേഹത്തിന്റെ ഒരു ബെനാമി ആ ബിസിനസ്സില്‍ പങ്കാളിയായിരിക്കും; ഒരു തര്‍ക്കവുമില്ല’- എന്നും ജലീല്‍ പറഞ്ഞു.