ഫാസിസ്റ്റ് സാഹചര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചു; 'ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന' പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
Kerala News
ഫാസിസ്റ്റ് സാഹചര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചു; 'ഓട് പൊളിച്ച് ആരും വന്നിട്ടില്ലെന്ന' പ്രസംഗത്തില്‍ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2022, 2:03 pm

കോഴിക്കോട്: വാഫി-വഫിയ്യ സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ അവതരിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയാലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ‘സമസ്തയെ പരോക്ഷമായി വിമര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി’ എന്ന തലക്കെട്ടോടെ തികച്ചും അടിസ്ഥാന രഹിതമായി പ്രസിദ്ധീകരിച്ച വാര്‍ത്തയെ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നപോലെ ഓട് പൊളിച്ച് വന്ന് ഒറ്റദിവസം കൊണ്ട് ആരും ഇവിടെ ഒരു വിപ്ലവവും സൃഷ്ടിച്ചിട്ടില്ല. മാറ്റങ്ങളൊക്കെ അധ്വാനത്തിന്റെ ഫലമായി ഉണ്ടായതാണെന്നും അത് ഒന്നും അനധികൃതമല്ലെന്നും ഈ സമുദായത്തിന്റെ അവകാശവുമാണെന്നും ഫാസിസ്റ്റ് സാഹചര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇരുളടഞ്ഞ മുന്‍കാലങ്ങളില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരാനും ഇസ്‌ലാമികമായ വിജ്ഞാനം പകര്‍ന്നുകൊടുക്കാനും പാണക്കാട്ടെ തങ്ങന്‍മാരും, പണ്ഡിത സമൂഹവും, സമസ്ത പോലെയുള്ള ദീനിസംഘടനകളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം മൂലമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കണക്കാക്കപ്പെടേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, ‘ആരും ഓട് പൊളിച്ച് വന്നിട്ടില്ല. ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടുമില്ല. ഒന്നും ഇവിടെ ചെയ്തിട്ടുമില്ല. സമസ്തക്കൊപ്പം പാണക്കാട് കുടുംബത്തിന്റേയും ശ്രമ ഫലമായാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്‍പ്പടെ മാറ്റമുണ്ടാക്കിയത്. സാമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാണ്. സംഘടനകളേയും മനുഷ്യനേയും നശിപ്പിക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ കാരണമാകുന്നു.’ എന്നാണ് കുഞ്ഞാലിക്കുട്ടി വാഫി- വഫിയ്യ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

സമസ്തയുടെ വിലക്ക് ലംഘിച്ച് പ്രധാന ഘടകങ്ങളായ എസ്.കെ.എസ്.എസ്.എഫിന്റേയും എസ്.വൈ.എസിന്റേയും നേതാക്കളും പാണക്കാട് കുടുംബത്തില്‍ നിന്നും ലീഗില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കളും വാഫി-വഫിയ്യ സമ്മേളനത്തില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.

വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബവും ലീഗ് നേതാക്കളും സി.ഐ.സി സമ്മേളനത്തില്‍ പങ്കെടുത്തതില്‍ സമസ്തക്കുള്ളില്‍ കടുത്ത അതൃപ്തിയാണ് നിലനില്‍ക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ നടന്ന വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ എന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത വിഷയം ഒരു പത്രം വാര്‍ത്തയുടെ തലക്കെട്ടായി അവതരിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയാലാണ്. ‘സമസ്തയെ പരോക്ഷമായി വിമര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി’ എന്ന തലക്കെട്ടോടെ തികച്ചും അടിസ്ഥാന രഹിതമായി പ്രസിദ്ധീകരിച്ച വാര്‍ത്തയെ പൂര്‍ണ്ണമായും നിഷേധിക്കുന്നു.

നമ്മുടെ നാട്ടില്‍ ഇരുളടഞ്ഞ മുന്‍കാലങ്ങളില്‍ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരാനും ഇസ്‌ലാമികമായ വിജ്ഞാനം പകര്‍ന്നു കൊടുക്കാനും പാണക്കാട്ടെ തങ്ങന്‍മാരും, പണ്ഡിത സമൂഹവും, സമസ്ത പോലെയുള്ള ദീനിസംഘടനകളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം മൂലമാണ്. മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നപോലെ ഓട് പൊളിച്ച് വന്ന് ഒറ്റ വിവസം കൊണ്ട് ആരും ഇവിടെ ഒരു വിപ്ലവവും സൃഷ്ടിച്ചിട്ടില്ല. മാറ്റങ്ങളൊക്കെ അധ്വാനത്തിന്റെ ഫലമായി ഉണ്ടായതാണെന്നും അത് ഒന്നും അനധികൃതമല്ലെന്നും ഈ സമുദായത്തിന്റെ അവകാശവുമാണെന്നും ഫാസിസ്റ്റ് സാഹചര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നു.

ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങിനെയൊരു തലക്കെട്ടിന് സാധ്യതയില്ലെന്നിരിക്കെ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കണക്കാക്കപ്പെടേണ്ടത്. അത് പത്രധര്‍മ്മത്തിന് യോജിച്ചതല്ല. ഏതായാലും ബന്ധപ്പെട്ടവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlight: PK Kunhalikutty’s explanation over the speech delivered at wafy wafiyya programme