കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ എല്ലാവരും ഒരു കുടക്കീഴില്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിലുള്ളവരൊക്കെ പറയുന്നത് ഒരേ രാഷ്ട്രീയമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ലീഡര്‍ഷിപ്പാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മുണ്ടിത്തൊടികയില്‍ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ലീഗിലെ കെ.എം. ഷാജി- കുഞ്ഞാലിക്കുട്ടി ചേരിതിരിവിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കെ.എം. ഷാജിയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
‘അച്ചടക്കത്തിലും ഭദ്രതയിലും ഞങ്ങള്‍ ഒരുപടി മുന്നിലാണ്. ഒറ്റക്കെട്ടായിയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവുമൊക്കെ ലീഗ് ഒരുമിച്ച് തന്നെ മുന്നോട്ടുകൊണ്ടുപോകും.
അതില്‍ വല്ല വ്യത്യാസവും ഉണ്ടോ എന്ന് നോക്കാന്‍ റിസേര്‍ച്ച് ചെയ്യുന്നവരൊക്കെയുണ്ട്. എന്നാല്‍ അത് വലിയ പണിയാണ്. അതിന് മെനക്കെട്ടിട്ട് കാര്യമില്ല മക്കളേ,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബി.ജെ.പിയുടെ ഫാസിസത്തെ എതിരിടുന്നതില്‍ കോണ്‍ഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘കോണ്‍ഗ്രസിന് പകരം ബി.ജെ.പിയെ നേരിടാന്‍ മറ്റൊരു പാര്‍ട്ടിയില്ല. മമത ബാനര്‍ജി ബി.ജെ.പിക്കെതിരെ വലിയ വിമര്‍ശനമുന്നയിച്ചു. ചില ആരോപണങ്ങള്‍ വന്നപ്പോള്‍ അവര്‍ നിശബ്ദയായി. എന്നാല്‍ എത്രയോ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ബി.ജെ.പയോട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറായിട്ടില്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ആര്‍.എസ്.എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ യഥാര്‍ഥത്തില്‍ തീപിടിച്ചത് സി.പി.ഐ.എമ്മിന്റെ ചുവന്ന ട്രൗസറിനാണെന്ന് പരിപാടിയില്‍ സംസാരിച്ച കെ.എം. ഷാജി പറഞ്ഞു.
രാഹുലിന്റഎ യാത്ര തമിഴ്നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ദക്ഷിണേന്ത്യയിലെ ആര്‍.എസ്.എസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന സ്റ്റാലിനാണ്. എന്നാല്‍ പിണറായി കര്‍ണാടകയിലെത്തിയപ്പോള്‍ സ്വീകരിച്ചത് ബി.ജെ.പിയുടെ മുഖ്യമന്ത്രിയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
CONTEN HIGHLIGHTS: PK Kunhalikutty on stage with K.M. Shaji Said All of the Indian Union Muslim League will move forward together under one roof