ന്യൂദല്‍ഹി: എം.പിയായതിന് ശേഷം മുസ്‌ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലെത്തിയത് പകുതിയില്‍ താഴെ ദിവസം. മുതലാഖ് വോട്ടെടുപ്പ് ദിവസം പാര്‍ലമെന്റില്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമാവുമ്പോഴാണ് അദ്ദേഹത്തിന്റെ ഹാജര്‍ വെറും 45 ശതമാനമാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തു വരുന്നത്. മാധ്യമം പത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍നില സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതിന് ശേഷം ആദ്യ എട്ടു ദിവസത്തില്‍ പകുതി പോലും കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല.
എം.പിയായതിന് ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരാകാത്ത ദിവസങ്ങളാണ് കൂടുതലുമുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതു കഴിഞ്ഞുള്ള മറ്റു മൂന്നു സമ്മേളന കാലയളവിലും സമാനമായ രീതിയിലാണ് ഹാജര്‍നില. ഒരു പാര്‍ലമെന്റ് സെഷനില്‍ മാത്രമാണ് 50 ശതമാനത്തില്‍ കൂടുതല്‍ ഹാജര്‍ നിലയുള്ളത്.
അതേസമയം ലീഗിന്റെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറിന് ലോക്‌സഭ നടന്ന ദിവസങ്ങളില്‍ 80 ശതമാനത്തിലും ഹാജരുണ്ട്. കേരളത്തില്‍ നിന്നുള്ള മറ്റ് എം.പിമാരുടെ ഹാജര്‍ 70 ശതമാനത്തിലും മേലെയാണെന്ന് മാധ്യമം റിപ്പോര്‍ട്ട് പറയുന്നു.