| Tuesday, 27th September 2022, 3:56 pm

രാഹുല്‍ മതേതര ഇന്ത്യയുടെ പ്രതീക്ഷ, രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് മതേതര മുന്നേറ്റം: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ബി.ജെ.പിക്കെതിരെയുള്ള ഒരു വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വലിയൊരു ജനകീയ താക്കീതായി രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി ഏറ്റവും അവസാനം നടത്തിയ കൂടിക്കാഴ്ച വലിയ പ്രതീക്ഷയാണ് മതേതര ഇന്ത്യക്ക് നല്‍കുന്നതെന്നും, മതേതര ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായാണ് മുസ്‌ലിം ലീഗ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വളരെ വലിയ ഒരു ജനകീയ മുന്നേറ്റമാണ് ഈ യാത്രയിലുടനീളം ദര്‍ശിക്കാനാവുന്നത്. അത്രയധികം ആവേശത്തിലും, വൈകാരികമായും ജനങ്ങള്‍ ഈ യാത്രയെ ഏറ്റെടുത്തിരിക്കുന്നു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വലിയൊരു ജനകീയ താക്കീതായി രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു പ്രതിപക്ഷ ഐക്യത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നിതീഷ് കുമാറും, ലാലു പ്രസാദ് യാദവും ആ വിഷയത്തില്‍ സോണിയ ഗാന്ധിയുമായി ഏറ്റവും അവസാനം നടത്തിയ കൂടിക്കാഴ്ചയുമൊക്കെ വലിയ പ്രതീക്ഷയാണ് മതേതര ഇന്ത്യക്ക് നല്‍കുന്നത്. ബി.ജെ.പിക്കെതിരെയുള്ള ഒരു വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്റെ സാഹചര്യങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത്തരം വിഷയങ്ങളൊക്കെ ഇന്നത്തെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മതേതര ഇന്ത്യക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്.

Content Highlight: PK Kunhalikkutty’s Statement About Rahul Gandhi And Bharat Jodo Yatra

We use cookies to give you the best possible experience. Learn more