| Saturday, 18th September 2021, 12:00 pm

ലീഗില്‍ തങ്ങന്മാരുടെ വാക്കാണ് അവസാന വാക്ക്; ഹരിതയിലെ നടപടികള്‍ കൂടിയാലോചിച്ച് എടുത്ത തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹരിതയിലെ തിരുത്തല്‍ നടപടികള്‍ കൂടിയാലോചിച്ച് എടുത്ത് തീരുമാനമാണെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനമെടുത്താല്‍ പിന്നെ മാറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നത്.

സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. തങ്ങള്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ അത് മാറ്റാറില്ല. അതില്‍ ഉറച്ചുനില്‍ക്കലാണ് പതിവ്.

കൂടുതലായി ആ വിഷയത്തെ കുറിച്ച് പറയുന്നില്ല. ഞാന്‍ പറയുന്നതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ച് വേറെ നിര്‍വചനം ഉണ്ടേക്കേണ്ടതില്ല. മുനീറ് പറയുന്നതും ഞാന്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതും ഒന്നാണ്. കൂട്ടായി എടുക്കുന്ന തീരുമാനത്തില്‍ ഓരോ നേതാക്കളുടെ പേര് പറഞ്ഞ് ചോദിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി തങ്ങളുടെ ഏകപക്ഷീയമായ തീരുമാനമാണ് നടപ്പിലാക്കപ്പെട്ടതെന്നും പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും ഹരിത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അവര്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

നിങ്ങള്‍ കുറേ എന്തൊക്കെയോ ചോദിച്ചു. അവര്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. നിങ്ങള്‍ മെനക്കെട്ട് ചോദിച്ചു. പക്ഷേ ആരും പറഞ്ഞില്ല. ഒരു കാര്യത്തില്‍ വ്യക്തത വരുത്താം. എല്ലാം കൂട്ടായെടുത്ത തീരുമാനമാണ്. അതിനപ്പുറമൊരു വാചകം വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഞാന്‍ തരില്ല.

ഇതുവരെയുള്ള എല്ലാ തീരുമാനവും കൂട്ടായി എടുത്തതാണ്. അതില്‍ വ്യക്തിപരമായി ഉത്തരവാദിത്തം ചാര്‍ത്തുന്ന രീതി ശരിയല്ല. ഇനിയുള്ള കാര്യങ്ങളും യോഗത്തില്‍ ഞങ്ങള്‍ തീരുമാനിക്കും.

ലീഗില്‍ തങ്ങന്മാരുടെ വാക്ക് അവസാന വാക്കാണ്. പാര്‍ട്ടിയുടെ രീതി അതാണ്. അതില്‍ പിന്നെ ചര്‍ച്ചയുടെ ആവശ്യമില്ല. വേറെ എന്തെങ്കിലുമുണ്ടെങ്കില്‍ തങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.

താമരശേരി ബിഷപ്പിന്റെ സാന്നിധ്യത്തില്‍ ഇന്നലെ മുനീറിന്റെ നേതൃത്വത്തില്‍ സൗഹൃദപരമായ ചര്‍ച്ച നടന്നു. അത് നിങ്ങള്‍ കാണുന്നില്ല. ആ വിവാദം അവസാനിക്കുന്നത് കണ്ടില്ലേ.

ഇത്തരം വിവാദങ്ങളെ നമ്മള്‍ അവസാനിപ്പിക്കുകയല്ലേ വേണ്ടത്. വിവാദം പെരുപ്പിക്കുന്നതില്‍ എന്തര്‍ത്ഥം. മുഖ്യധാരയിലുള്ള രാഷ്ട്രീയകക്ഷികള്‍ ഇത് അവസാനിപ്പിക്കാന്‍ നോക്കുന്നു. ആ വാര്‍ത്തയ്ക്ക് പ്രാധാന്യം കൊടുക്കൂ. അല്ലാതെ പിന്നെയും ആര്‍ക്കെങ്കിലും തെറ്റ് പറ്റുന്നുണ്ടോ എന്ന് നോക്കി നടക്കരുത്, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PK Kunhalikkutty On haritha Controversy

We use cookies to give you the best possible experience. Learn more