കോഴിക്കോട്: വാഫി-വാഫിയ്യ സമ്മേളന വേദിയില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ആരും ഓട് പൊളിച്ച് വന്നിട്ടില്ല. ഭിന്നിച്ച് നില്‍ക്കുകയല്ല വേണ്ടത് ഐക്യമാണ് വേണ്ടത് എന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്തക്കൊപ്പം പാണക്കാട് കുടുംബത്തിന്റേയും ശ്രമഫലമായാണ് കേരളത്തില്‍ സാമൂഹിക പുനരുദ്ധാരണമുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
‘ആരും ഓട് പൊളിച്ച് വന്നിട്ടില്ല. ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടുമില്ല. ഒന്നും ഇവിടെ ചെയ്തിട്ടുമില്ല. സമസ്തക്കൊപ്പം പാണക്കാട് കുടുംബത്തിന്റേയും ശ്രമ ഫലമായാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുള്‍പ്പടെ മാറ്റമുണ്ടാക്കിയത്. സാമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാണ്. സംഘടനകളേയും മനുഷ്യനേയും നശിപ്പിക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ കാരണമാകുന്നു.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാണക്കാട് സാദിഖലി തങ്ങള്‍ അധ്യക്ഷനായ വാഫി-വഫിയ്യ കലോത്സവത്തില്‍ സഹകരിക്കേണ്ടെന്ന് സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സംഘടനകള്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ആഴ്ചകളില്‍ സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.
ഇസ്‌ലാമിക് കോളേജുകളില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു സി.ഐ.സിയുടെ (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്) വാഫി-വഫിയ്യ കലോത്സവത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം പോഷക സംഘടനകള്‍ക്ക് സമസ്ത നല്‍കിയത്. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് പ്രധാന ഘടകങ്ങളായ എസ്.കെ.എസ്.എസ്.എഫിന്റേയും എസ്.വൈ.എസിന്റേയും സംസ്ഥാന പ്രസിഡന്റുമാര്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തതാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.
പാണക്കാട് കുടുംബത്തില്‍ നിന്ന് സി.ഐ.സി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
എന്നാലിപ്പോള്‍ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബവും ലീഗ് നേതാക്കളും സി.ഐ.സി സമ്മേളനത്തില്‍ പങ്കെടുത്തതില്‍ സമസ്തക്കുള്ളില്‍ കടുത്ത അതൃപ്തിയാണ് നിലനില്‍ക്കുന്നത്.
സമസ്തയെ പൂര്‍ണമായി അനുകൂലിച്ചും പിന്തുണച്ചുമാണ് സാദിഖലി തങ്ങള്‍ പരിപാടിയില്‍ സംസാരിച്ചത്. സമസ്ത ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ പണ്ഡിത സമൂഹം. ഇത് കെടാതെ കൊണ്ടുപോകണം എന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞത്.
പാണക്കാട് കുടുംബത്തിന്റെതാണ് യഥാര്‍ത്ഥ നേതൃത്വം എന്ന് പരിപാടിയുടെ സന്ദേശ പ്രസംഗത്തില്‍ സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി പറഞ്ഞിരുന്നു. ആരുടെയും മോഹവലയത്തില്‍പ്പെട്ട് വോട്ട് ബാങ്ക് ഭിന്നിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത സ്ഥാപനങ്ങള്‍ക്ക് തയ്യാറാക്കിയ പെരുമാറ്റച്ചട്ടം സി.ഐ.സിയും അംഗീകരിക്കണമെന്ന് നേതൃത്വം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്വാരസ്യങ്ങള്‍ ഉയര്‍ന്നുവന്നത്. സെപ്റ്റംബര്‍ 20ന് പാണക്കാട് ചേര്‍ന്ന സമസ്ത നേതൃയോഗം സി.ഐ.സിക്ക് മുമ്പില്‍ മൂന്ന് നിര്‍ദേശങ്ങള്‍ വെച്ചത്. ഈ മൂന്ന് നിര്‍ദേശങ്ങളും സി.ഐ.സി അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സമ്മേളനം ബഹിഷ്‌കരിക്കണമെന്ന നിര്‍ദേശം നല്‍കുന്നത്. സെപ്റ്റംബര്‍ 12ന് നടന്ന മുശാവറയുടെ തീരുമാനമെന്ന നിലയിലാണ് കത്ത് നല്‍കിയത്. എന്നാല്‍ സമ്മേളനം ബഹിഷ്‌കരിക്കണമെന്ന നിര്‍ദേശത്തിന് പിന്നില്‍ സമസ്തയിലെ ഒരുവിഭാഗം നേതാക്കളുടെ താല്‍പര്യങ്ങളാണെന്ന ആരോപണമുയരുന്നുണ്ട്.
അതേസമയം, കോഴിക്കോട് സ്വപ്ന നഗരിയില്‍ ആരംഭിച്ച വാഫി- വഫിയ്യ കലോത്സവത്തോടനുബന്ധിച്ച് നടന്ന സനദ് ദാന സമ്മേളനം ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. ഉസാമ അല്‍ അബ്ദ് ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാന പ്രഖ്യാപനവും, സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ മുനവറലി ശിഹാബ് തങ്ങള്‍ സനദ് ദാന പ്രഭാഷണവും നടത്തി.