തിരുവനന്തപുരം: ചന്ദ്രിക കേസില്‍ ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും സാക്ഷിമൊഴി നല്‍കാനാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ കുഞ്ഞാലിക്കുട്ടി.
ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ അറിയാവുന്ന കാര്യങ്ങള്‍ പറയാനാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലകേസുകളിലെയും പോലെ ഇതിലും രാഷ്ട്രീയമുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രം നടത്തിപ്പ് എഴുതിവെച്ച പോലെ നടക്കില്ല. പല പ്രശ്നങ്ങളും എല്ലാവരും നേരിടേണ്ടിവരും. അതിലപ്പുറമൊന്നും ചന്ദ്രികക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായി മറുപടി പറയാനാകുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത നടപടികള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘ഹരിതയുമായി ബന്ധപ്പെട്ട് ദേശീയ കമ്മിറ്റി അടക്കം എടുത്ത എല്ലാ നടപടികളും വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ മുസ്‌ലിം ലീഗിന് വലിയ പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും മതേതരത്വം തകരരുത് എന്ന് തന്നെയാണ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്ഥാവന സംബന്ധിച്ച് ചര്‍ച്ച നടത്തുന്ന കാര്യം തള്ളി കളയാന്‍ കഴിയില്ല. കേരളത്തില്‍ സമാധാന അന്തരീക്ഷമാണ് വേണ്ടത്. ചര്‍ച്ച ഇല്ലെന്നൊന്നും പറയാന്‍ കഴിയില്ല. അത്തരം വാശികളൊന്നും ആര്‍ക്കും വരാന്‍ പാടില്ല. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സാമൂഹ്യ അന്തരീക്ഷം വഷളാകരുത് എന്നാണ് പറയാനുള്ളത്. അതുകൊണ്ട് തന്നെ ഇത് അയയേണ്ട വിഷയമാണ്.
ഇതില്‍ ചര്‍ച്ച വേണ്ടെന്ന നിലപാട് മുസ്‌ലിം ലീഗിനെന്നല്ല ആര്‍ക്കും ഉണ്ടാവില്ല. അത്രവലിയ ശത്രുതയിലേക്കൊന്നും കേരളം പോയിട്ടില്ല, ഇനി പോകുകയുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ചന്ദ്രിക കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. നേരത്തെ പരാതിക്കാരനേയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇ.ഡി വിളിപ്പിച്ചിരുന്നു.
ചന്ദ്രികയുടെ മറവില്‍ നടന്ന ഭൂമി ഇടപാടുകള്‍ അടക്കമുള്ള ബിനാമി ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ വിളിപ്പിച്ചിരിക്കുന്നത്. കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. പാണക്കാട് മുഈനലി തങ്ങളോട് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: PK Kunhalikkutty Before ED on Chandrika case