| Monday, 2nd May 2022, 1:22 pm

രാഹുലും പ്രിയങ്കയും ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നു; ഏത് സാഹചര്യത്തിലാണ് പോകാതിരുന്നതെന്ന് അറിയില്ല: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്‌ലിങ്ങളുടെ താമസസ്ഥലങ്ങളും കെട്ടിടങ്ങളും കടകളും തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ജഹാംഗീര്‍പുരി സന്ദര്‍ശിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യത്തിന് തീര്‍ച്ചയായിട്ടും അവര്‍ പോയാല്‍ നല്ലതായിരുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് സാഹചര്യത്തിലാണ് രാഹുലും പ്രിയങ്കയും പോകാതിരുന്നതെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ ചിലപ്പോള്‍ വേറെ ഡെലിഗേറ്റ്‌സിനെ അയച്ചിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസിന് അവരുടേതായ രീതി ഉണ്ടല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമീപകാല നിലപാടുകളില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒരു മൃദു ഹിന്ദുത്വ നിലപാട് അവര്‍ക്കുണ്ട് എന്ന നിലയില്‍. ലീഗിന് അങ്ങനെ എന്തെങ്കിലും സംശയമുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് മതേതര കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സ്‌പേസ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. അവര്‍ ചെയ്യേണ്ടതുമല്ല ചെയ്തിട്ട് ഗുണവും ഇല്ല എന്നാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം അതല്ലാതെ വര്‍ഗീയപ്രീണനം കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മതേതരപാര്‍ട്ടിയാണ്. ഇന്ത്യയുടെ പാരമ്പര്യം തന്നെ അതാണല്ലോ. ആ ലൈനില്‍ തന്നെ കോണ്‍ഗ്രസ് പോയാലല്ലേ ഇന്ത്യയ്ക്ക് ഭാവിയുള്ളൂ.

അങ്ങനെ പോകുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അങ്ങനെ തന്നെയാണ് പോകുന്നതെന്നും അത് കൂടുതല്‍ മെച്ചപ്പെടണം എന്ന് ആരെങ്കിലുമൊക്കെ അഭിപ്രായം പറഞ്ഞാല്‍ അതിനെ നമ്മള്‍ കണക്കിലെടുക്കേണ്ടെന്നും മതേതരകാഴ്ചപ്പാട് എടുത്ത് തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

‘കോണ്‍ഗ്രസ് ഏതാണ്ട് വര്‍ഗീയ പ്രീണനം നടത്തുന്നു എന്ന അഭിപ്രായം എനിക്കില്ല. രാജ്യത്ത് ഭൂരിപക്ഷ സമയുദായത്തിന്റെ, ഇന്നത്തെ ബി.ജെ.പിയുടെ വിഷലിപ്തമായ പ്രചരണം അവരില്‍ ഉണ്ടാക്കുന്ന ആഴവും പരപ്പും അറിയാവുന്നവര്‍ കോണ്‍ഗ്രസിനെ ഇങ്ങനെ വേറിട്ട് ഉപദേശിക്കുന്നതില്‍ അര്‍ത്ഥമില്ല. ആവുന്ന രീതിയില്‍ കോണ്‍ഗ്രസ് ആ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട് കാര്യങ്ങള്‍ ചെയ്യാന്‍ എന്തെങ്കിലും നിര്‍ദേശം നമുക്കുണ്ടെങ്കില്‍ അവരുടെ മുന്‍പില്‍ വെക്കാം. ന്യൂനപക്ഷങ്ങള്‍ അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറയാം,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതേതരത്വ നിലപാടില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമുണ്ടെന്ന് അടുത്തിടെ ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞിരുന്നു. നെഹ്റുവിന്റെ പേര് പറയുമ്പോള്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമാണെന്നും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയയിലും കോണ്‍ഗ്രസ് വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മതനിരപേക്ഷതക്കായി നിലകൊണ്ട നെഹ്‌റുവിയന്‍ യുഗത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുപോകണമെന്നും മുനീര്‍ ആവശ്യപ്പെട്ടിരുന്നു.

സമീപകാലത്ത് രാമനവമി ഹനുമാന്‍ ജയന്തി സമയങ്ങളില്‍ മധ്യപ്രദേശിലും ഗുജറാത്തിലും ദല്‍ഹിയിലും നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി, ഇതൊക്കെ കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമുള്ള സ്ഥലങ്ങളാണ്. എന്നിട്ടും എത്ര കണ്ട് കോണ്‍ഗ്രസിന് ഇടപെടാന്‍ സാധിച്ചു എന്ന ചോദ്യത്തിന് എത്ര കണ്ട് മറ്റ് മതേതര പാര്‍ട്ടികള്‍ ഇടപെട്ടു എന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

കോണ്‍ഗ്രസിന് ലിമിറ്റേഷന്‍സ് ഉണ്ട് എന്ന് വിമര്‍ശിക്കുന്ന പാര്‍ട്ടികള്‍ക്കും ഇത് പറയാന്‍ അവകാശമില്ല. അവരും ചെയ്യുന്നില്ല. കോണ്‍ഗ്രസ് ചെയ്യുന്നില്ല എന്ന അഭിപ്രായം എനിക്കില്ല. കാരണം കോണ്‍ഗ്രസ് ചെയ്യുന്നുണ്ട്. നമുക്ക് ഒന്നുകൂടി വേണ്ടപോലെ ആവണം എന്ന് പറയാം, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജഹാംഗീര്‍പുരിയില്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ഏറ്റവും ആദ്യം എത്തിയത് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ടാണ്. സി.പി.ഐ.എമ്മിന് ആ കാര്യത്തിലുണ്ടാവുന്ന തിടുക്കം എന്തുകൊണ്ട് കോണ്‍ഗ്രസിനുണ്ടാവുന്നില്ല എന്ന ചോദ്യത്തിന് സി.പി.ഐ.എം ആ വിഷയത്തില്‍ ഇടപെട്ടാലും ഇല്ലെങ്കിലും സി.പി.ഐ.എമ്മിന്റെ ഇടപെടല്‍ കൊണ്ട് കിട്ടാവുന്ന ഗുണത്തിന് പരിധിയുണ്ടെന്നും കാരണം അവര്‍ കേരളത്തില്‍ മാത്രമേയുള്ളൂവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

‘ജഹാംഗീര്‍പുരിയില്‍ ഉണ്ടായ വിഷയത്തില്‍ കോണ്‍ഗ്രസ് ഉടനെ ഇടപടെണമായിരുന്നു. ഇടപെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. പിന്നെ രാഹുല്‍ സമീപപ്രദേശത്ത് ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. സമീപപ്രദേശത്തുള്ള ഒരാളാണ് ആദ്യം അവിടെ എത്തിയത്, അതാണ് വലിയ ഇടപെടല്‍ എന്ന് നമ്മള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ ആ വിഷയം പിന്നീട് ഏറ്റവും ശക്തമായി കോണ്‍ഗ്രസ് എടുത്തത് നമ്മള്‍ കണ്ടല്ലോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

രാഹുല്‍ ഗാന്ധി അവിടെപോകേണ്ടതായിരുന്നോ എന്ന ചോദ്യത്തിന് ഇങ്ങനെ ഒരു വിഷയം വരുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടണമെന്ന് ഇന്ത്യയിലെ ന്യൂനപക്ഷം പ്രതീക്ഷിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും മറിച്ച് മറ്റു പാര്‍ട്ടികളുടെ അവകാശവാദത്തിലേ തനിക്ക് അഭിപ്രായ വ്യത്യാസമുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘കോണ്‍ഗ്രസ് ഇടപെടുന്നില്ലെന്ന് കുറ്റപ്പെടുത്തി ഡിവിഷന്‍ ഉണ്ടാക്കുന്ന പ്രവണതയോടാണ് വിയോജിപ്പ്. നേരെ മറിച്ച് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി നമ്മള്‍ എല്ലാവരും ഇത് ശക്തമായി കൈകാര്യം ചെയ്യണമെന്നും ഈ ബുള്‍ഡോസിങ് ശരിയല്ലെന്നും അവര്‍ എല്ലാവരും കൂടി പറഞ്ഞിരുന്നെങ്കില്‍ നൂറ് ശതമാനം പിന്തുണയ്ക്കുമായിരുന്നു. ഞങ്ങള്‍ ചെയ്തത് അതാണല്ലോ.

രാഹുലിനോടായാലും സോണിയയോടായാലും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി ‘കം ലെറ്റ് അസ് ഡു’ എന്നാണ് ഞങ്ങള്‍ പറയാറ്. ബൃന്ദ കാരാട്ട് ആദ്യം അവിടെ എത്തിയതും സുപ്രീം കോടതിയില്‍ പോയതും ഒക്കെ നല്ലത് തന്നെ. ഞാന്‍ അതിനെ കുറ്റം പറയുന്നില്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlight: PK Kunhalikkutty about Congress Stand On Jahangirpuri Issue

We use cookies to give you the best possible experience. Learn more