എന്ത് അനാവശ്യവും പറഞ്ഞാല്‍ സര്‍ക്കാര്‍ അനുവദിക്കാന്‍ പാടുണ്ടോ; ബഹിഷ്‌കരിക്കാന്‍ പറഞ്ഞാല്‍ പോര നടപടിയെടുക്കണം: കുഞ്ഞാലിക്കുട്ടി
Kerala News
എന്ത് അനാവശ്യവും പറഞ്ഞാല്‍ സര്‍ക്കാര്‍ അനുവദിക്കാന്‍ പാടുണ്ടോ; ബഹിഷ്‌കരിക്കാന്‍ പറഞ്ഞാല്‍ പോര നടപടിയെടുക്കണം: കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 9:07 pm

മലപ്പുറം: ഇസ്‌ലാമോ ഫോബിക് ഉള്ളടക്കത്തിന്റെ പേരില്‍ വിവാദമായ ഹിന്ദി ചിത്രം കേരള സ്റ്റോറിക്കെതിരെ നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ശക്തികളുടെ അജണ്ടകള്‍ സിനിമയുടെ രൂപത്തില്‍ ജനങ്ങളുടെ മനസില്‍ കുത്തിവെക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇത്തരം നീക്കങ്ങളെ തടയാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ ജനങ്ങള്‍ക്ക് സിനിമയുടെ പിറകിലുള്ള അജണ്ടയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ചിത്രം ഇവിടെ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും  കേരളത്തിന് പുറത്ത് ചിത്രം ഉപയോഗിക്കപ്പെടുമെന്നും യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിനെതിരെയുള്ള ആക്രമണമാണ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

‘കേരളത്തിലെ ജനങ്ങള്‍ അടിസ്ഥാനപരമായി മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്. കേരള സ്റ്റോറിയെന്ന ചിത്രം ഇവിടെ ചിലവാകാന്‍ പോണില്ല. സിനിമ വിജയിക്കാനായി എന്ത് അനാവശ്യവും പറഞ്ഞാല്‍ സര്‍ക്കാര്‍ അനുവാദം കൊടുക്കാന്‍ പാടുണ്ടോ. മുപ്പതിനായിരത്തിലധികം വിവാഹങ്ങള്‍ നടന്നെന്നാണ് ആരോപണമുള്ളത്.

ഇതൊക്കെ കോടതിയും പാര്‍ലമെന്റും സര്‍ക്കാരുകളും തള്ളിയ കാര്യങ്ങളല്ലേ. ഇല്ലാത്ത കാര്യങ്ങള്‍ വെച്ച് വിവാദമുണ്ടാക്കി സിനിമ വിജയിപ്പിച്ച് കാശുണ്ടാക്കാമെന്നാണ് അവര്‍ നോക്കുന്നത്. ഇങ്ങനെയുള്ള പ്രവര്‍ത്തികളെ തടയാനല്ലേ സര്‍ക്കാരുള്ളത്. കേരള സര്‍ക്കാര്‍ കേവലം ബഹിഷ്‌കരിക്കാന്‍ വേണ്ടി പറഞ്ഞിട്ട് കാര്യമില്ല, നടപിടയെടുക്കുകയാണ് വേണ്ടത്.

കേരളത്തില്‍ ചിത്രം വിജയിക്കാന്‍ പോണില്ല. പക്ഷെ കേരളത്തിന് പുറത്ത് ചിത്രം ഉപയോഗിക്കപ്പെടും. കേരളത്തെ താറടിച്ച് കാണിക്കാനായി കാലാ കാലങ്ങളായി രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതിന്റെ സിനിമാ രൂപമാണ് കേരള സ്റ്റോറി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന ചീപ്പ് തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കേണ്ടത് കേരള സര്‍ക്കാരാണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നേരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ ചിത്ത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നേരത്തെ മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Content Highlight: pk kunhajilikutty on kerala government on kerala story