| Tuesday, 16th March 2021, 10:34 am

ശബരിമല ചര്‍ച്ചയാക്കാന്‍ വേണ്ടി തന്നെയാണ് സുരേന്ദ്രന്‍ കോന്നിയിലും മത്സരിക്കുന്നത്: പി. കെ കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല വിഷയം ചര്‍ച്ചയാക്കാനാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബി.ജെ.പി തീരുമാനിക്കുമെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.

2016ല്‍ സുരേന്ദ്രന്‍ തോറ്റത് 87 വോട്ടിന്റെ വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ മഞ്ചേശ്വരത്തെ ജനങ്ങള്‍ സുരേന്ദ്രനെ വിജയിപ്പിക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്.

ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. കൂടാതെ ശബരിമല വിഷയം നടന്ന സമയത്ത് അവിടെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സുരേന്ദ്രന്‍.

ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെ ജയിലില്‍ കിടന്ന നേതാവ് കൂടിയാണ് സുരേന്ദ്രന്‍. അതുകൊണ്ടാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് പി. കെ. കൃഷ്ണദാസ് പറഞ്ഞു.

അതേസമയം സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നായിരുന്നു ശോഭ പറഞ്ഞത്.

‘ഒ. രാജഗോപാലിനോ കുമ്മനം രാജശേഖരനോ ലഭിക്കാത്ത ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍’, എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്നും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ പാര്‍ട്ടി തന്നെ നിര്‍ത്തിയിരിക്കുന്നതെന്നുമായിരുന്നു സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

‘കോന്നിയെ സംബന്ധിച്ചാണെങ്കില്‍ വ്യക്തിപരമായി വളരെ വൈകാരികമായ മണ്ഡലമാണ്. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടങ്ങള്‍ക്ക് നടുവില്‍ വൈകാരികമായ അനുഭവങ്ങളുള്ള സ്ഥലമാണ് കോന്നി. രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞത് ആത്മവിശ്വാസമുള്ളതുകൊണ്ടാണ്, അല്ലാതെ ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടല്ല,’ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ തവണ കുറച്ച് വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും മണ്ഡലം സി.പി.ഐ.എമ്മിന്റെ സഹായത്തോടെ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ട് ആ മണ്ഡലം തിരിച്ചു പിടിക്കേണ്ടത് തങ്ങളുടെ ആവശ്യമാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PK Krishnadas says K Surendran Contesting from Konni for making Sabarimala as an issue

We use cookies to give you the best possible experience. Learn more