| Friday, 28th February 2025, 4:43 pm

ശ്രീനാരായണ ധര്‍മമെന്നത് സനാതനധര്‍മം തന്നെയെന്ന് പി.കെ. കൃഷ്ണദാസ്; വിമര്‍ശിച്ച് ടി.എസ്. ശ്യാംകുമാറും സുനില്‍ പി. ഇളയിടവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മമെന്നത് സനാതന ധര്‍മം തന്നെയാണെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. ശ്രീനാരായണ ധര്‍മം നവീനഭാരത ധര്‍മമെന്നാണെങ്കില്‍ സനാതന ധര്‍മവും അത് തന്നെയാണെന്നും കൃഷ്ണദാസ് പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ‘ശ്രീനാരായണ ഗുരുവും സനാതന ധര്‍മവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

എന്നാല്‍ കൃഷ്ണദാസിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രൊഫ. സുനില്‍ പി. ഇളയിടവും ഡോ. ടി.എസ്. ശ്യാംകുമാറും സമ്മേളനത്തില്‍ സംസാരിച്ചു.

‘ധാര്‍മികതയെ നിഷേധിക്കുന്ന വേദങ്ങളെയും ശാസ്ത്രങ്ങളെയും ഡൈനാമിറ്റ് വെച്ച് തകര്‍ക്കണമെന്നാണ് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ പറഞ്ഞിരിക്കുന്നത്.’ ടി.എസ്. ശ്യാംകുമാര്‍

ഇത്തരത്തില്‍ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞ് ഇറങ്ങിപോകാമെന്നാണ് പലരും കരുതുന്നതെന്ന് ടി.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ശ്രീനാരായണ ധര്‍മമെന്ന കൃതി നാരായണഗുരു എഴുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

ചാതുര്‍വര്‍ണ്യത്തില്‍ തുല്യതയും നീതിയുമുണ്ടെന്ന വാദം വാക്കില്‍ മാത്രമാണെന്നും ശ്യാംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ധാര്‍മികതയെ നിഷേധിക്കുന്ന വേദങ്ങളെയും ശാസ്ത്രങ്ങളെയും ഡൈനാമിറ്റ് വെച്ച് തകര്‍ക്കണമെന്നാണ് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ പറഞ്ഞതെന്നും ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി.

പി.കെ. കൃഷ്ണദാസ് ഉന്നയിച്ച വാദങ്ങളെല്ലാം സമ്പൂര്‍ണമായും സത്യവിരുദ്ധവും വാസ്തവ വിരുദ്ധവുമാണെന്നും ശ്യാംകുമാര്‍ പറഞ്ഞു.

‘തങ്ങളുടെ ആശയത്തിന് ഒരു മറയായി ഗുരുവിനെയും ബുദ്ധനെയും ഉപയോഗിക്കുന്ന രീതി കാലങ്ങളായി ഹിന്ദുത്വ രാഷ്ട്രീയത്തിനുണ്ട്,’ സുനില്‍ പി. ഇളയിടം

പി.കെ. കൃഷ്ണദാസും ഹൈന്ദവ സംഘടനകളും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്ന സനാതനവും ശ്രീനാരായണ ഗുരുവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സുനില്‍ ഇളയിടവും പ്രതികരിച്ചു.

ഇത്തരം വാദങ്ങള്‍ ചിലര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആശയത്തിന് ഒരു മറയായി ഗുരുവിനെയും ബുദ്ധനെയും ഉപയോഗിക്കുന്ന രീതി കാലങ്ങളായി ഹിന്ദുത്വ രാഷ്ട്രീയത്തിന് ഉണ്ടെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

ഗുരു സനാതനധര്‍മം എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്‌മണ വ്യവഹാരങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലല്ലെന്നും അതിനെല്ലാം വിപരീതമായിട്ടാണെന്നും ഇളയിടം പറഞ്ഞു. ചാതുര്‍വര്‍ണ്യത്തില്‍ ശക്തമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

‘സനാതന ഹിന്ദുത്വം രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്ക്,’ പിണറായി വിജയന്‍

അടുത്തിടെ, ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സനാതനധര്‍മം സംബന്ധിച്ച പരാമര്‍ശം വിവാദമാകുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

‘വര്‍ണവ്യവസ്ഥക്കെതിരായ ആശയങ്ങളാണ് ഗുരു മുന്നോട്ടുവെച്ചത്. സനാതന ധര്‍മത്തിന്റെ അനുയായി ആയിരുന്നില്ല ശ്രീനാരായണ ഗുരു. മതങ്ങള്‍ നിര്‍വചിച്ച് വെച്ചതൊന്നുമല്ല ഗുരുവിന്റെ നവയുഗ ധര്‍മം.

മഹാഭാരതം പോലും ധര്‍മമെന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുന്നില്ല, സന്ദേഹം മാത്രം നല്‍കി പിന്‍വാങ്ങുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജാതി എന്നത് മനുഷ്യത്വമാണ്. സനാതന ഹിന്ദുത്വം രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ട വാക്ക്. ബ്രാഹ്‌മണാധിപത്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയുള്ളതാണ് ഈ വാക്ക്,’ മുഖ്യമന്ത്രിയുടെ വാക്കുകള്‍.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അതേ അഭിപ്രായങ്ങളോട് കൂടി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, രാജ്യസഭാ എം.പി. എ.എ. റഹീം എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സനാതന ധര്‍മം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞത്.

Content Highlight: PK Krishnadas said that Sree Narayana Dharma is Sanatana Dharma; Criticized by TS Syamkumar and Sunil P. Ilayidam

We use cookies to give you the best possible experience. Learn more