| Saturday, 11th July 2020, 4:31 pm

'പിണറായി വിജയന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല'; നിയമസഭാ തെരഞ്ഞെടുപ്പ് കാവല്‍ മന്ത്രിസഭയുടെ സാന്നിധ്യത്തിലാവുമെന്ന് പി.കെ കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന ഭീഷണിയുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കാവല്‍ മന്ത്രിസഭയ്ക്ക് കീഴിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ കൃഷ്ണദാസ്.

യുവമോര്‍ച്ചാ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയ്ക്ക് പിന്നാലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു കൃഷ്ണദാസിന്റെ പ്രസംഗം.

‘ പിണറായി വിജയന്‍ പറയുന്നതിനനുസരിച്ച് അങ്ങനെ നിങ്ങള്‍ ഉറഞ്ഞ് തുള്ളേണ്ടതില്ല. കാരണം ഈ ഗവര്‍മെന്റ് ഏത് സമയത്തും നിലംപതിക്കാമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങളുടെ യജമാനന്‍ നിങ്ങളെ സംരക്ഷിക്കാന്‍ തിരുവനന്തപുരത്തുണ്ടാവില്ല. ഞങ്ങള്‍ക്ക് ഒരു സംശയമുണ്ട്. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആദ്യമുഖ്യമന്ത്രി ഇ.എം.എസിന്റെ അതേ അവസ്ഥ ഈ സര്‍ക്കാരിനും വരും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനാകും.

ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയ്ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല. പിണറായി വിജയന്റെ സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ഒരുപക്ഷേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഒരു കാവല്‍മന്ത്രിസഭയുടെ സാന്നിധ്യത്തിലായിരിക്കും കേരളത്തില്‍ ഉണ്ടാവുക എന്നതാണ് ഞങ്ങളുടെ വിശ്വാസം.

അതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥരോട് പറയാനുള്ളത് തിരുവനന്തപുരത്ത് നിന്ന് ഫോണുവരുമ്പോള്‍ ഞങ്ങളുടെ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാനും അടിച്ചമര്‍ത്താനും നിങ്ങള്‍ ശ്രമിക്കരുത് എന്നാണ്. ഞങ്ങള്‍ നടത്തുന്ന സമരം രാഷ്ട്രത്തിന് വേണ്ടിയാണ്. സമരവുമായി സഹകരിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടത്’, കൃഷ്ണദാസ് പറഞ്ഞു.

നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കേരള സന്ദര്‍ശനത്തിനിടെ സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് പ്രസംഗിച്ചതും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more