| Sunday, 21st April 2019, 10:41 am

കോട്ടയത്തും കൊല്ലത്തും കോണ്‍ഗ്രസ് എല്‍.ഡി.എഫിന് വോട്ട് മറിക്കും; ഘടകകക്ഷികളെ ബലിനല്‍കാന്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും രഹസ്യധാരണയെന്ന് പി.കെ. കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സംസ്ഥാനത്ത് ഘടകകക്ഷികളെ ബലിനല്‍കാന്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും രഹസ്യധാരണയെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോട്ടയത്ത് കേരള കോണ്‍ഗ്രസിനേയും കൊല്ലത്ത് ആര്‍.എസ്.പിയേയും കോണ്‍ഗ്രസ് ബലിനല്‍കുമ്പോള്‍ തിരുവനന്തപുരത്ത് സി.പി.ഐ.എം സി.പി.ഐയെ ബലിയര്‍പ്പിക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

കൊല്ലത്തും കോട്ടയത്തും സി.പി.ഐ.എമ്മിനു വേണ്ടി കോണ്‍ഗ്രസും പകരം തിരുവനന്തപുരത്ത് കോണ്‍ഗ്രസിനു വേണ്ടി സി.പി.ഐഎമ്മും തങ്ങളുടെ ഘടകകക്ഷികളെ പരാജയപ്പെടുത്താനാണ് പദ്ധതിയെന്നും ഇതിനുള്ള ചര്‍ച്ചകള്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ് നടന്നതെന്നും കൊല്ലംപ്രസ്‌ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കവേ കൃഷ്ണദാസ് പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ തിരിച്ചറിയാനാവാത്തവിധം ഒന്നായി മാറി. എല്ലാ മറകളും നീക്കി കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യം പുറത്തുവന്നിരിക്കുന്നു. എല്‍.ഡി.എഫും യുഡിഎഫും രണ്ടല്ല ഒന്നാണെന്ന ബി.ജെ.പി നിലപാട് മലയാളീസമൂഹം നൂറുശതമാനം അംഗീകരിച്ചു എന്നാണ് മനസിലാകുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനുവേണ്ടി ബി.ജെ.പി വോട്ട് മറിക്കും എന്ന എല്‍.ഡി.എഫ് ആരോപണം വന്നതിന് പിന്നാലെയാണ് എല്‍.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസ് വോട്ട് മറിക്കുമെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്. ആര്‍എസ്പിക്കും പ്രേമചന്ദ്രനുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് തോമസ് ഐസക്ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ആര്‍.എസ്.പിയുടെ പൂര്‍ണ്ണരൂപം റവലൂഷണറി സംഘ് പരിവാറെന്നാണെന്നും പ്രേമചന്ദ്രനെയും സംഘപരിവാര്‍ പ്രേമത്തെയും ഒടുവില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

ആര്‍എസ് എസ്സിന്റെ വോട്ടും നോക്കിയിരിക്കുകയാണ് പ്രേമചന്ദ്രന്‍. ഇത് മനസിലാക്കിയ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രേമചന്ദ്രനെതിരെ രംഗത്തെത്തിത്തുടങ്ങിയെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഐസക്ക് വ്യക്തമാക്കിയിരുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് ആധിപത്യം നേടിയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ ജയിച്ചത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു മണ്ഡലം പോലും നേടാന്‍ യു.ഡി.എഫിന് സാധിച്ചിരുന്നില്ല. ചവറ ഒഴികെയുള്ള സ്ഥലങ്ങളില്‍ പതിനായിരകണക്കിന് വോട്ടുകള്‍ക്കാണ് യു.ഡി.എഫ് പിന്നിലായത്.

2014നെ അപേക്ഷിച്ച് 2016ല്‍ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് എന്‍.ഡി.എയുടെ നേട്ടം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ രണ്ടാമതെത്താനും 2014നെ അപേക്ഷിച്ച് 2016ല്‍ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കാനും എന്‍.ഡി.എയ്ക്ക് കഴിഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more