എ.കെ.ജി സെന്ററില്‍ പിണറായി രാമായണപാരായണം ഉദ്ഘാടനം ചെയ്യണം: പി.കെ കൃഷ്ണദാസ്
Kerala News
എ.കെ.ജി സെന്ററില്‍ പിണറായി രാമായണപാരായണം ഉദ്ഘാടനം ചെയ്യണം: പി.കെ കൃഷ്ണദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 5:12 pm

കോഴിക്കോട്: എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്കുകൊളുത്തി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.

“സന്ധ്യാ സമയത്ത് എ.കെ.ജി സെന്ററില്‍ രാമായണ പാരായണം സംഘടിപ്പിക്കണം. പ്രത്യക്ഷത്തില്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റാത്ത സഖാക്കള്‍ക്ക് ഇത് സൗകര്യമായിരിക്കും. പിണറായിയും കോടിയേരിയും ശിലയും വഹിച്ച് അയോദ്ധ്യയില്‍ പോവുന്ന ദിവസമാണ് ബി.ജെ.പി കാത്തിരിക്കുന്നത്”- കൃഷ്ണദാസ് പറഞ്ഞു.

കാട്ടാളനെ മഹര്‍ഷിയാക്കി മാറ്റിയതാണ് രാമമന്ത്രത്തിന്റെ മാസ്മരികത. കണ്ണൂരിലെ നേതാക്കള്‍ സ്ഥിരമായ രാമായണപാരായണം നടത്തി മാനസാന്തരപ്പെട്ടാല്‍ കേരളത്തില്‍ ശാന്തി വിളയാടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

സി.പി.ഐ.എം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തകളോടാണ് പി.കെ കൃഷ്ണദാസിന്റെ പ്രതികരണം.

അതേ സമയം സി.പി.ഐ.എം രാമായണമാസം ആചരിക്കുന്നതായി വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍എസ്എസ് വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്തു വരികയാണ്.

ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ചു നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്നു കാണിക്കുന്നതിന് സംസ്‌കൃത പണ്ഡിതരും അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഈ സംഘടന സി.പി.ഐ.എമ്മിന്റെ കീഴിലുള്ള സംഘടനയല്ല. മറിച്ച് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണു മനസ്സിലാക്കുന്നത്. ഇതു കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്തുത ഇതായിരിക്കെ ഈ പരിപാടിയെ സിപിഎമ്മിനെതിരെയുള്ള ഒരു പ്രചരണമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.